X

നോട്ട് വെളുപ്പിക്കാന്‍ ഗുജറാത്ത് വ്യവസായി ഉപയോഗിച്ചത് 700 പേരെ

അഹ്മദാബാദ്: നോട്ടു നിരോധനത്തിന് ശേഷം പണം വെളുപ്പിക്കാന്‍ ഗുജറാത്ത് വ്യവസായി ഉപയോഗിച്ചത് 700 ആളുകളെ. കള്ളപ്പണ കേസില്‍ അറസ്റ്റിലായ കിഷേര്‍ ഭാജിയവാല എന്ന പണമിടപാടുകാരനാണ് അക്കൗണ്ടില്‍ നിന്ന് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി 700 ആളുകളെ ഉപയോഗപ്പെടുത്തിയത്. പുത്തന്‍പണമായ 2000രൂപയുടെ നോട്ടുകളടക്കം 650 കോടിയുടെ സമ്പാദ്യമാണ് ഇയാളില്‍ നിന്നും കണെടത്തിയത്. 700 ബിനാമികള്‍ക്ക് പുറമെ 27 വ്യാജ അക്കൗണ്ടുകളും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി കിഷോര്‍ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്.

ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാജിയവാലയില്‍ നിന്നും കണക്കില്‍ പെടാത്ത 10.45 കോടി രൂപ നേരത്തെ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.
ഇയാള്‍ ഇരുപതോളം അക്കൗണ്ടുകള്‍ വഴി വലിയതോതില്‍ പണമിടപാടുകള്‍ നടത്തിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഇയാള്‍ക്ക് 27 ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും ഇതില്‍ 20 എണ്ണം ബിനാമി അക്കൗണ്ടുകളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നതിനുപിന്നാലെ 212 അക്കൗണ്ടുകളിലൂടെ കിഷോറിനുവേണ്ടി പഴയനോട്ട് നിക്ഷേപിച്ചിട്ടുണ്ട്. കിഷോറില്‍ നിന്നും പിടിച്ചെടുത്ത 10.45 കോടിയും പുതിയ നോട്ടുകളാണ്. വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്താലാണ് ഇയാള്‍ ഇത്രയും തുക മാറ്റിയെടുത്തത്.
ഇതിന് പുറമേ 10.48 കോടിയുടെ സ്വര്‍ണ കട്ടിയും 40.92 കോടിയുടെ സ്വര്‍ണാഭരണങ്ങളും 10.39 കോടിയുടെ വജ്രാഭരണങ്ങളും 7 കോടിയുടെ വെള്ളിയും പിടിച്ചെടുത്തു.

chandrika: