X

മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ

 

കൊച്ചി: മലയാള സിനിമയില്‍ പുതിയ വനിതാ സംഘടനക്ക് തുടക്കമായി. നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായ പുതിയ കൂട്ടായ്മ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള(ഫെഫ്ക)യുടെ കീഴിലാണ് പ്രവര്‍ത്തിക്കുക. സമിതിയുടെ ആദ്യ യോഗം കൊച്ചിയില്‍ ചേര്‍ന്നു. സിനിമയിലെ അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നം കേള്‍ക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനുമാണ് പുതിയ കൂട്ടായ്മയെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

നേരത്തെ കൊച്ചിയില്‍ പ്രമുഖനടി ആക്രമിക്കപ്പെട്ടത്തിനു ശേഷം നടിമാരുടെ നേതൃത്വത്തില്‍ സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണത്തിനെതിരെ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ ഒരു സംഘടന രൂപികൃതമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ മേഖലയിലെ നടിമാരെ കൂടാതെ ഡബ്ബിംഗ്, മെയ്ക് അപ് , എഡിറ്റര്‍മാര്‍, തിരക്കഥ തുടങ്ങി അടിസ്ഥാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി മറ്റൊരു കൂട്ടായ്മകൂടി നിലവില്‍ വരുന്നത്.

ഏറെ നാളുകളായി ഇങ്ങനെയൊരു കൂട്ടായ്മയെക്കുറിച്ച് ചിന്തിക്കുന്നു. 6000 അംഗങ്ങളുള്ള ഫെഫ്കയുടെ ജനറല്‍ ബോഡിയില്‍ ഞാന്‍ മാത്രമേ സ്ത്രീ ആയിട്ടുള്ളൂ. അപ്പോള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതിന് പരിഹാരം കണ്ടെത്താനും ഒരു പ്രത്യേക സംഘടന ആവശ്യമാണെന്നുള്ള തിരിച്ചറിവില്‍ നിന്നാണ് ഇതുണ്ടായത്. നിലവില്‍ 40 മുതല്‍ 50 വരെ അംഗങ്ങള്‍ സംഘടനയിലുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍, മെയ്ക് അപ് ആര്‍ട്ടിസ്റ്റുകള്‍, എഡിറ്റര്‍മാര്‍, സക്രിപ്റ്റ് എഴുത്തുകാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് അംഗങ്ങള്‍. ഗാനരചയിതാവ് ജയഗീതയെ പോലുള്ളവരുമായെല്ലാം ആലോചിച്ചാണ് ഇത് ആരംഭിച്ചത്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവുമായുള്ള സഹകരണം, നടിമാര്‍ക്കുള്ള അംഗത്വം എന്നിവയെ കുറിച്ച് ഇതുവരെ ഒരു ചര്‍ച്ചയും ആലോചനയും നടന്നിട്ടില്ല. ഭാഗ്യലക്ഷി പറഞ്ഞു.

chandrika: