തിരുവനന്തപുരം: യുട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റിനുള്ള നീക്കം. മൂവരെയും അന്വേഷിച്ച് തമ്പാനൂര്‍ പൊലീസ് വീടുകളില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല.
നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് നടപടിയിലേക്ക് കടക്കാതെ പൊലീസ് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയതിനാല്‍ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. എന്നാല്‍, ക്രിമിനലുകളല്ലെന്നും സ്ത്രീകളാണെന്നുമുള്ള പരിഗണനയോടെയായിരിക്കും പൊലീസ് തുടര്‍ നടപടികളിലേക്ക് കടക്കുക.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മൂന്നു പേരെയും കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കായികബലം കൊണ്ട് നിയമത്തെ നേരിടാനാവില്ല. സംസ്‌കാരത്തിന് ഒട്ടും യോജിക്കാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് കോടതിക്ക് പിന്മാറാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
കൈയേറ്റം ചെയ്യല്‍, ഭവന ഭേദനം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെറ്റായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് നിയമം കയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.