കോഴിക്കോട്: നോട്ട് നിരോധനത്തെ അനുകൂലിച്ച് ബ്ലോഗെഴുതിയ നടന്‍മോഹന്‍ലാലിനെ വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലാണ് നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ അനുഭവം പങ്കുവെച്ച് ഭാഗ്യലക്ഷ്മി ലാലിനെ വിമര്‍ശിച്ചിരിക്കുന്നത്. പണമില്ലാതെ ആശുപത്രിയില്‍ കിടക്കുന്ന ഓരോരുത്തരും നോട്ട് നിരോധനത്തിന്റെ പേരില്‍ അനുഭവിക്കുന്ന ദുരിതത്തില്‍ മനം നൊന്ത് ശപിക്കുകയാണ്. ഇവരാരും മദ്യം വാങ്ങാന്‍ വേണ്ടി ക്യൂവില്‍ നില്‍ക്കുന്നവരല്ല..ജീവന്‍ നില നിര്‍ത്താന്‍ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ്.ആ വേദന അനുഭവിക്കുമ്പോഴേ അറിയൂവെന്ന് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നോട്ട് നിരോധനം എന്നൊക്കെ
പറഞ്ഞപ്പൊ കുറച്ച് നാളേക്കുളള ബുദ്ധിമുട്ട് എന്നേ ആദ്യം കരുതിയുളളു..സ്വന്തം അക്കൗണ്ടില്‍ പണമുണ്ടെങ്കിലും കുറച്ചെടുത്താ മതി എന്ന് ബാങ്ക് പറഞ്ഞപ്പോ എന്റെ പണം നിങ്ങളെടുത്തിട്ട് എന്നെ ഭരിക്കാന്‍ വരുന്നോ എന്ന് ചോദിക്കാന്‍ തോന്നി..ഇന്ന് എന്റെ നിയന്ത്രണം വിട്ടു..കഴിഞ്ഞ 15വര്‍ഷമായി എന്റെ വീട്ടിലെ ഒരു അംഗമായ വസന്തയെ ഇന്ന് ഉച്ചക്ക് ഒരു അപകടത്തില്‍പെട്ട് കാലൊടിഞ്ഞ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു..ഉടനെ സര്‍ജറി വേണമെന്നും കാലില്‍ STEELRODE ഇടണമെന്നും പറഞ്ഞു DR.. വില ഏകദേശം ഇരുപത്തയ്യായിരം..മറ്റ് ചിലവുകള്‍ക്കെല്ലാം വേണ്ടി ഒന്നിച്ച് ഒരു നാല്പതിനായിരമെങ്കിലും എടുക്കാമെന്ന് വെച്ചാല്‍ എടിഎം 2500 രൂപയേ തരൂ..ഡോക്ടറുടെ കുറിപ്പടിയുമായി മെഡിക്കല്‍ സ്‌റ്റോറില്‍ ചെന്നപ്പോ ഒരിടത്ത് NETWORK ഇല്ല മറ്റൊരിടത്ത് കാര്‍ഡ് മിഷിനേ ഇല്ല..ബാങ്കില്‍ ചെന്നപ്പോഴേക്കും ഇരുപത്തിനാലായിരമേ തരൂ എന്നായി. ബാക്കി അവിടുന്നും ഇവിടുന്നും കടം വാങ്ങി ആശുപത്രിയില്‍ എത്തിയപ്പോഴേക്ക് ഏഴുമണി. കഴിഞ്ഞിരുന്നു..പ്രധാനമന്ത്രി വരുത്തിവെച്ചതിന് DR ടെ മുന്‍പില്‍ വെറുതേ ഞാന്‍ തല കുനിച്ചു.
അത്രയും നേരം വേദന സഹിച്ച് കിടന്ന വസന്തയോട് നിശബ്ദമായി മാപ്പു പറഞ്ഞു..ഇത് എന്റെ മാത്രം അനുഭവമല്ല..ആശുപത്രിയില്‍ കിടക്കുന്ന ഓരോരുത്തരും നോട്ട് നിരോധനത്തിന്റെ പേരില്‍ അനുഭവിക്കുന്ന ദുരിതത്തില്‍ മനം നൊന്ത് ശപിക്കുന്നുണ്ടായിരുന്നു. ഇവരാരും മദ്യം വാങ്ങാന്‍ വേണ്ടി ക്യൂവില്‍ നില്‍ക്കുന്നവരല്ല..ജീവന്‍ നില നിര്‍ത്താന്‍ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ്.. ആ വേദന അനുഭവിക്കുമ്പോഴേ അറിയൂ.