നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ‘രാമലീല’ റിലീസ് ചെയ്തു. സിനിമക്കെതിരെ ശക്തമായ ബഹിഷ്‌ക്കരണാഹ്വാനം നടക്കുന്നതിനിടെയാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യറുടെ ‘ഉദാഹരണം സുജാത’യും ഇന്നാണ് റിലീസ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം സംവിധായകന്‍ ലാല്‍ജോസ് ദിലീപിന്റെ രാമലീലക്കൊപ്പമാണ് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പം കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ നിലയുറപ്പിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും രാമലീല റിലീസ് ദിവസം തന്നെ കാണുമെന്ന് വ്യക്തമാക്കി. ഈ ചിത്രം ദിലീപിന്റെത് മാത്രമല്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മറ്റുപലരും ഈ ചിത്രത്തിന്റെ ഭാഗമാണ്. ദിലീപിനെ മുന്‍നിര്‍ത്തി മാത്രം ഈ ചിത്രത്തെ കാണരുത്. കേരളീയ സമൂഹം ഒന്നടങ്കം സിനിമയ്ക്ക് എതിരാണെങ്കില്‍ അത് സിനിമയെ ബാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഈ സിനിമയുടെ പരാജയവും വിജയവും ഒരു നടനിലേക്ക് മാത്രം ഒതുങ്ങരുതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം, ആക്രമിക്കപ്പെട്ട നടി രാമലീല കാണുമോ എന്ന ചോദ്യത്തിനും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ഈ വിഷയം നടന്നിട്ടില്ലെങ്കില്‍ ആ നടി ഈ സിനിമ കാണണമെന്നില്ലായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞു. ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ചല്ല ആ പെണ്‍കുട്ടിക്ക് ഇത്തരം ദുരനനുഭവം ഉണ്ടായത്. അതുകൊണ്ട് ആ പെണ്‍കുട്ടിയെ ഈ സിനിമയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമയുടെ കഥ പറയുമ്പോഴോ സിനിമയുടെ ഷൂട്ടിംഗ് തുടരുമ്പോഴോ ഒന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. സിനിമയുടെ പ്രദര്‍ശനം തീരുമാനിച്ച ശേഷമാണ് ദിലീപിനെതിരെ ആരോപണം ഉയര്‍ന്നത്. എന്നാല്‍ സിനിമ കാണുന്നത് കൊണ്ട് ജയിലില്‍ കഴിയുന്ന ദിലീപിനോടുള്ള നിലപാടില്‍ മാറ്റമില്ല. കോടതി നിരപരാധിയാണെന്ന് പറയുന്നത് വരെ ദിലീപിനെ ന്യായികരിക്കില്ലെന്നും അതുവരെ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.