X
    Categories: indiaNews

ഗുജറാത്തില്‍ ഭഗവത് ഗീത പാഠ്യവിഷയമാക്കുന്നു

ഗാന്ധിനഗര്‍: പാഠ്യപദ്ധതിയി ല്‍ കാവിവത്കരണവുമായി വീണ്ടും ഗുജറാത്തിലെ ബി. ജെ.പി സര്‍ക്കാര്‍. ആറ് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് നീക്കം. ഇംഗ്ലീഷ് മീഡിയമടക്കം സര്‍ക്കാറിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും അടുത്ത അധ്യായന വര്‍ഷം മുതല്‍ ഭഗവത് ഗീത പഠിപ്പിക്കുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ജിതു വഘാനിയ അറിയിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ സംസ്‌കാരവും വിജ്ഞാന സംവിധാനവും ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് ഭഗവദ് ഗീതയിലെ മൂല്യങ്ങളും തത്വങ്ങളും പഠിപ്പിക്കുന്നത് എന്നും മന്ത്രി അവകാശപ്പെട്ടു. കഥകളുടെയും ശ്ലോകങ്ങളുടെയും രൂപത്തിലാണ് ഭഗവദ് ഗീത സിലബസില്‍ ഉള്‍പ്പെടുത്തുക. ഒമ്പതാം ക്ലാസ് മുതല്‍ ഇതിന്റെ വിശദാംശങ്ങളും പഠിപ്പിച്ച് തുടങ്ങും. ഗീതയെ അടിസ്ഥാനമാക്കി ശ്ലോകം ചൊല്ലല്‍, ചിത്രരചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സിലബസ് വര്‍ഗീയവത്കരിക്കാനുള്ള നീക്കമാണിതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ഗീതയില്‍ നിന്ന് ആദ്യം പാഠം ഉള്‍ക്കൊള്ളേണ്ടത് ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് വക്താവ് ഹേമങ് റാവല്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞിരിക്കുകയാണെന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ സ്‌കൂള്‍ നിര്‍ത്തിപ്പോകുന്നത് ഗുജറാത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ആകെയുള്ള 33,000 സ്‌കൂളുകളില്‍ 14 സ്‌കൂളുകള്‍ മാത്രമാണ് എ പ്ലസ് ഗ്രേഡ് സ്‌കൂളുകള്‍. 18,000 അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. അവര്‍ക്കുവേണ്ടിയും സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണം. 6,000 സ്‌കൂളുകള്‍ പൂട്ടി- റാവല്‍ കൂട്ടിച്ചേര്‍ത്തു. ഗീത ഉള്‍പ്പെടുത്താനുള്ള തീരുമാനം ആം ആദ്മി പാര്‍ട്ടി സ്വാഗതം ചെയ്തു. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യുമെന്ന് എ. എ.പി വക്താവ് യോഗേഷ് ജദ്വാനി പ്രതികരിച്ചു.

Test User: