X

സ്‌കൂള്‍ അസംബ്ലിയില്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്തും; പദ്ധതിക്ക് തുടക്കം കുറിച്ച് ഗുജറാത്ത് സര്‍ക്കാര്‍

നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ അഹമ്മദാബാദില്‍ 650 സ്‌കൂളുകളില്‍ രാവിലെ നടക്കുന്ന അസംബ്ലിയില്‍ ഭഗവദ്ഗീതയിലെ ഭാഗങ്ങള്‍ കുട്ടിക്കളെ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട പദ്ധതി ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രി പ്രഫുല്‍ പന്‍ഷേരിയ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ‘ഭഗവദ്ഗീത വിദ്യാര്‍ത്ഥി ജീവിതത്തിന് വഴികാട്ടിയാകും’ എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പുരാതനവും സമ്പന്നവുമായ ഇന്ത്യയുടെ പൈതൃകത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതിയെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ മന്ത്രി പറഞ്ഞു.

‘ഭഗവദ്ഗീതയുടെ തെരഞ്ഞെടുത്ത 51 ശ്ലോകങ്ങളെ അടിസ്ഥാനമാക്കി, വിദ്യാര്‍ത്ഥികളെ അവരുടെ ജീവിതം നയിക്കാനും അവരുടെ വ്യക്തിത്വം മെച്ചപ്പെടുത്താനും മനോവീര്യം ശക്തിപ്പെടുത്താനും സഹായിക്കുന്ന ഒരു സവിശേഷ സംരംഭമായാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മൂവായിരത്തിലധികം അധ്യാപകര്‍ പദ്ധതിക്കായി ഈ ആഴ്ച പരിശീലനം ആരംഭിക്കുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ സ്‌കൂളുകള്‍, പ്രൈവറ്റ് സ്‌കൂളുകള്‍ തുടങ്ങി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഭഗവത് ഗീത പഠിപ്പിക്കുന്നത് നടപ്പിലാക്കുമെന്ന് അഹമ്മദാബാദ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൃപ ഝാ പറഞ്ഞു. ഇത് നിര്‍ബന്ധമാക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെങ്കിലും എല്ലാ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ ആഴ്ചയും ഭഗവദ്ഗീതയിലെ ഒരു ശ്ലോകം അല്ലെങ്കില്‍ അതിന്റെ ഒരു വീഡിയോയും വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ച് കൊടുക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. പദ്ധതിയുടെ ലോഞ്ചിന് ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ എല്ലാ സ്‌കൂളുകളിലും ഇതിനുള്ള സര്‍ക്കുലര്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആധുനിക ജീവിതശൈലി ഉയര്‍ത്തുന്ന വെല്ലുവിളികളുമായി ബന്ധപ്പെട്ട സ്വഭാവ രൂപീകരണം, ശ്രദ്ധ വ്യതിചലിപ്പിക്കല്‍, സമ്മര്‍ദ്ദം, ഭക്ഷണ നിയന്ത്രണം എന്നിവയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിനായി ഈ വിഷയങ്ങള്‍ ഉള്‍പ്പെട്ട ഭഗവദ്ഗീതയുടെ 700 ശ്ലോകങ്ങളില്‍ 51എണ്ണം അസബ്ലികളില്‍ ഉള്‍പ്പെടുത്തുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവാര പെരുമാറ്റ നിയമങ്ങള്‍ നല്‍കുമെന്നും ഡയറക്ടര്‍ പറഞ്ഞു. ആറ് മുതല്‍ 12വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭയില്‍ ബി.ജെ.പി അംഗം ഫെബ്രുവരിയില്‍ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു.

webdesk13: