X

തമിഴ്‌നാട് ‘നീറ്റ്’ മറികടക്കുമ്പോള്‍-എഡിറ്റേറിയല്‍

 

രാജ്യത്ത് മെഡിക്കല്‍ ബിരുദ കോഴ്‌സുകള്‍ക്കുള്ള പൊതുപ്രവേശനപരീക്ഷാസംവിധാനം (നീറ്റ്) നിര്‍ത്തലാക്കിക്കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ സെപ്തംബര്‍ 13ലെ തീരുമാനം വിപ്ലവകരമായാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അവതരിപ്പിച്ച ‘അണ്ടര്‍ഗ്രാജുവേറ്റ് മെഡിക്കല്‍ ഡിഗ്രി കോഴ്‌സസ് ബില്‍-2021’ സഭയിലെ ബി.ജെ.പി ഒഴികെ എല്ലാകക്ഷികളുടെയും അംഗങ്ങള്‍ പിന്തുണക്കുകയും വന്‍ ഭൂരിപക്ഷത്തോടെ പാസാകുകയും ചെയ്തിരിക്കുകയാണ്. പ്രസ്തുത നിയമത്തിന്റെ സാധുത പലരാലും ചോദ്യം ചെയ്യപ്പെടുമ്പോഴും തമിഴ്‌നാട്ടില്‍ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ മൂന്നു കുട്ടികളുടെ ആത്മഹത്യകള്‍ തെളിയിക്കുന്നത് നിയമം അനിവാര്യമായിരിക്കുന്നുവെന്നുതന്നെയാണ്. സെപ്തംബര്‍ 15ന ്‌വെല്ലൂര്‍ ജില്ലയിലെ കാട്പാടിയില്‍ 15കാരി സൗന്ദര്യ സ്വയം ജീവനെടുത്ത വാര്‍ത്ത വലിയ ഞെട്ടലാണ് ഉളവാക്കിയത്. അതുനുമുമ്പ് സേലം, അരിയലൂര്‍ ജില്ലകളിലും ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും നീറ്റ് പരീക്ഷയുടെ ഫലത്തെ ഭയന്ന് ആത്മഹത്യ ചെയ്യുകയുണ്ടായി. രാജ്യത്ത് നിലവില്‍ സര്‍ക്കാരുകളുടെയും സ്വകാര്യ കോളജുകളുടെയും എം.ബി.ബി.എസ്, ബി.എ.എം.എസ് അഥവാ ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള മെഡിക്കല്‍ പ്രവേശനമെല്ലാം നീറ്റ് എന്ന ഒരൊറ്റ പരീക്ഷ വഴിയാണ്. ഇതുതന്നെയാണ് പ്രശ്‌നത്തിന്റെ കാതല്‍.

മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ സൗന്ദര്യയുടെ അമ്മ പറഞ്ഞത് രാജ്യത്തെ ഒരു കുട്ടിക്കും ഇത്തരമൊരു ഗതിവരരുതെന്നും നീറ്റ് എത്രയും വേഗം നിരോധിക്കണമെന്നുമാണ്. സൗന്ദര്യക്ക് പ്ലസ്ടു പരീക്ഷയില്‍ 600ല്‍ 510 മാര്‍ക്ക് ഉണ്ടായിരുന്നു. ഇത്രയും മിടുക്കിയാണെന്നറിയുമ്പോഴാണ് ഒരു കൗമാരിക്കാരിയുടെ തന്റെ ജീവിതാഭിലാഷമായ ഡോക്ടര്‍ ബിരുദം ലഭിച്ചേക്കില്ലെന്ന ഭയം വിലപ്പെട്ട ജീവനെടുത്തതെന്ന് വ്യക്തമാകും. ഇനിയെങ്കിലും രാജ്യത്തെ ഒരുകുട്ടിക്കും ഈ ഗതി വരരുതെന്നുതന്നെയാണ് നാമോരോരുത്തരും ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. നിയമം പ്രയോഗത്തിലായാല്‍ തമിഴ്‌നാട്ടില്‍ മെഡിക്കല്‍ ബിരുദ പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കിയാല്‍ മതിയെന്നാണ് നിയമസഭ പാസാക്കിയ നിയമത്തില്‍ പറയുന്നത്. 2017നു മുമ്പുവരെ ഇങ്ങനെയായിരുന്നു സംസ്ഥാനത്തെ രീതിയും. ഡി.എം.കെ അതിന്റെ 2021 ഏപ്രിലിലെ നിയമസഭാതെരഞ്ഞുടുപ്പു പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്. ഡി. എം.കെയെയും മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതാവിനെയും സംബന്ധിച്ചിടത്തോളം പറഞ്ഞ വാക്കുകള്‍ അക്ഷരംപ്രതി തെളിയിച്ചുകാണിക്കുമെന്നത് സര്‍ക്കാരിന്റെ നൂറുദിവസത്തിനുള്ളില്‍തന്നെ എല്ലാവര്‍ക്കും ബോധ്യമായതാണ്. നീറ്റ് പരീക്ഷയുടെ കാര്യത്തിലും അത് പാലിക്കപ്പെട്ടുവെന്നുമാത്രം. സാമൂഹിക നീതിക്കുവേണ്ടിയാണ് നിയമം പാസാക്കിയതെന്നാണ് മുഖ്യമന്ത്രി ബില്ലിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

നീറ്റ് സംവിധാനം കാരണം വന്‍ തുകകൊടുത്ത് കോച്ചിംഗിന് പോകാനാവാതെ തമിഴ്‌നാട്ടിലെ പാവപ്പെട്ട കുട്ടികള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതി വിജയിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും ഇതുകാരണം സംസ്ഥാനത്തെ മെഡിക്കല്‍ രംഗത്ത് സമ്പന്നരുടെയും പാവപ്പെട്ടവരുടെയും അനുപാതത്തില്‍ വലിയ അന്തരം സംഭവിക്കുകയാണെന്നുമാണ് തമിഴ്‌നാട് മൊത്തത്തില്‍ വാദിച്ചിരുന്നത്. നീറ്റ് സംബന്ധിച്ച് റിട്ട. ജസ്റ്റിസ് എ.കെ രാജന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് സര്‍ക്കാര്‍ നിയമം പാസാക്കുന്നതിന് തയ്യാറായത്. സംസ്ഥാനത്തെ കുട്ടികളില്‍ നീറ്റ് കാരണം ഉണ്ടാകുന്ന പ്രാതികൂല്യങ്ങള്‍ എന്തെല്ലാമാണെന്ന ്പഠിച്ചാണ് രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. റിപ്പോര്‍ട്ടനുസരിച്ച് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കുട്ടികള്‍ക്ക് മെഡിക്കല്‍ രംഗത്ത് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുന്നുവെന്നാണ് വ്യക്തമാക്കപ്പെട്ടത്.

തമിഴ്‌നാട് പാസാക്കിയ നിയമം ജനാധിപത്യ രീതിയനുസരിച്ച് ന്യായീകരിക്കാനാവുമെങ്കിലും പ്രസ്തുത ബില്‍ നിയമമാകണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെയും അന്തിമമായി രാഷ്ട്രപതിയുടെയും അനുമതിയുടെ കടമ്പ കടക്കേണ്ടതുണ്ട്. അതാണ് ഇപ്പോള്‍ ബില്ലിനെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. മുമ്പ് ജെല്ലിക്കെട്ട് വിഷയത്തിലും സമാനമായി തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രനിയമത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രത്യേകമായി നിയമം പാസാക്കുകയും സുപ്രീംകോടതി അനുമതി നല്‍കുകയും ചെയ്തിരുന്നതാണ്. അതനുസരിച്ച് നീറ്റ് വിരുദ്ധ നിയമത്തിനും അനുമതി നല്‍കാവുന്നതേ ഉള്ളൂ. സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം പ്രത്യേകം മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നടത്തുന്നതുകാരണം ഇവയില്‍ അഴിമതിയും ക്രമക്കേടും ഉണ്ടാകുന്നുണ്ടെന്നും ആയത് ഏകീകൃത രൂപത്തിലാക്കുന്നത് രാജ്യത്തെ മെഡിക്കല്‍ വിദഗ്ധരുടെ നിലവാരത്തില്‍ മെച്ചമുണ്ടാക്കുമെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് 2017ല്‍ സുപ്രീംകോടതി നീറ്റ് രാജ്യത്ത് ഏകപരീക്ഷാരീതിയാക്കിയത്. എന്നിട്ടും തമിഴ്‌നാട്ടിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് തമിഴ് മുതലായ പ്രാദേശിക ഭാഷകളില്‍ നീറ്റ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിരുന്നു. ഏങ്കിലും ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമാകുന്നതുകൊണ്ട് പ്രാദേശിക ഭാഷകളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികളെപോലെ തിളങ്ങാന്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാനോ മെറിറ്റില്‍ പ്രവേശനം നേടാനോ കഴിഞ്ഞിരുന്നില്ല. തമിഴ്‌നാട് മാത്രമാണ ്‌രാജ്യത്ത് ഇത്തരത്തിലൊരു നിയമം പാസാക്കിയതെന്നതും സംസ്ഥാനത്തെ കുട്ടികളുടെ ആത്മഹത്യകളും പരിഗണിച്ചുകൊണ്ട് തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. തന്നെ അകാരണമായി പ്രശംസിക്കരുതെന്ന് നിയമസഭയില്‍വെച്ച് സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും താക്കീത് നല്‍കിയ നേതാവാണ ്സ്റ്റാലിന്‍. മാത്രമല്ല, തമിഴ്‌നാട്ടിലെ എല്ലാ പാഠപുസ്തകങ്ങളിലും രേഖകളിലും ഇനിമുതല്‍ നേതാക്കളെയും ചരിത്രപുരുഷന്മാരെയും അവരുടെ ജാതിവാല്‍ കൊണ്ട് അഭിസംബോധന ചെയ്യരുതെന്നതടക്കമുള്ള നിരവധി ഉത്തരവുകളാണ് മുഖ്യമന്ത്രി നല്‍കിയത്. രാജ്യത്ത് ആദ്യമായി കോവിഡ് രോഗികള്‍ക്ക് 4000 രൂപവീതം പ്രഖ്യാപിക്കുകയും കോവിഡ് ചികില്‍സ എല്ലാവര്‍ക്കും സൗജന്യമാക്കുകയും പെട്രോള്‍, ഡീസല്‍ വിലയില്‍ മൂന്നു രൂപ വീതം കുറവുവരുത്തുകയും ചെയ്ത മുഖ്യമന്ത്രി രാജ്യത്താദ്യമായാണ ്‌കോവിഡ് രോഗികള്‍ക്കുള്ള ആസ്പത്രിയില്‍ രോഗികളെ നേരില്‍ സന്ദര്‍ശിച്ചതെന്നതും ശ്രദ്ധേയമായിരുന്നു. അതിനിടയിലാണ് നീറ്റ് എടുത്തുകളഞ്ഞ് രാജ്യത്തെയും കേന്ദ്ര സര്‍ക്കാരിനെയും ഒരേസമയം ഞെട്ടിച്ചുകളഞ്ഞതും. രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്കും സമാനമായി നിയമം പാസാക്കണമെങ്കില്‍ അതിനുള്ള അനുമതി നല്‍കുകയാണ് കേന്ദ്രം ചെയ്യേണ്ടത്.

 

Test User: