X

ഖുര്‍ആന്‍ പാരായണത്തിനുമപ്പുറം-റാശിദ് ഗസ്സാലി

ഖുര്‍ആനിന്റെ മാസം എന്നതാണ് വിശുദ്ധ റമസാനിന്റെ മാധുര്യം. അവതരണം കൊണ്ടും പ്രാധാന്യം കൊണ്ടും മനുഷ്യരാശിയുടെ ചരിത്രത്തില്‍ അതുല്യമായ അനുരണനങ്ങള്‍ തീര്‍ത്ത ദൈവിക ഗ്രന്ഥത്തിന്റെ വസന്തം പെയ്തിറങ്ങുന്ന അസുലഭ ദിനരാത്രങ്ങള്‍.
വിശ്വാസികള്‍ക്ക് നേര്‍വഴി കാണിക്കാനും സത്യാസത്യങ്ങളെ വേര്‍തിരിച്ച് ബോധ്യമാക്കാനുമുള്ള മഹനീയ ധര്‍മമാണ് ഖുര്‍ആന്‍ നിര്‍വഹിക്കുന്നത്.

മനുഷ്യകുലത്തിന്റെ നവീകരണത്തിന് എക്കാലവും രണ്ട് മാതൃകകളാണ് നാഥന്‍ പകര്‍ന്നു നല്‍കുന്നത്. ഒന്ന് നേര്‍വഴി നടത്തേണ്ട അവന്റെ ദൂതരും രണ്ട് അതിനു വെളിച്ചം വിതറുന്ന വിശുദ്ധ ഗ്രന്ഥവും. മത സങ്കല്‍പങ്ങളിലെല്ലാം ദൈവിക ഗ്രന്ഥവും പ്രവാചകനും നിര്‍വഹിക്കുന്ന സ്വാധീനം നമുക്ക് കാണാം. അക്ഷരപുറത്ത് കൂടിയുള്ള നോട്ടപ്പാച്ചില്‍ മാത്രമായി വിശ്വാസവും ഖുര്‍ആനും തമ്മിലുള്ള ബന്ധം ചുരുങ്ങി വരുന്നതാണ് ഇന്ന് കാണുന്നത്. പാരായണം പ്രധാനമാണ് പ്രതിഫലാര്‍ഹവുമാണ്. എന്നാല്‍ അതില്‍ അവസാനിക്കേണ്ടതല്ല വിശ്വാസിയും ഖുര്‍ആനും തമ്മിലുള്ള അഭേദ്യമായ ബന്ധം.

ഖുര്‍ആന്‍ അല്ലാഹുവിന്റെ സംസാരമാണ്. സ്രഷ്ടാവായ തമ്പുരാന്‍ എന്നോട് സംസാരിക്കുകയാണ് എന്ന ബോധത്തോടെ വേണം അതിനെ സമീപിക്കാന്‍. എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും സ്വപ്‌നങ്ങളിലും പ്രതീക്ഷകളിലും നിരന്തരം വഴിനടത്തുന്ന അപാരമായ പ്രപഞ്ച സത്യമാണ് ഖുര്‍ആന്‍ പങ്കുവെക്കുന്നത്.

അര്‍ത്ഥമറിഞ്ഞ് ഖുര്‍ആനിക വചനങ്ങള്‍ പാരായണം ചെയ്യുക വഴി സര്‍വ ശക്തനായ നാഥന്‍ താങ്ങായി തണലായി നിരന്തരം കൂടെയുണ്ട് എന്ന ആത്മവിശ്വാസമാണ് നമുക്ക് ലഭിക്കുന്നത്. ജീവിത യാത്രയിലെ സര്‍വ തലങ്ങളിലും പ്രതീക്ഷയോടെ ആശ്രയിക്കാന്‍ കഴിയുന്ന ഊര്‍ജ്ജ സ്രോതസ്സായി ഖുര്‍ആന്‍ അപ്പോള്‍ നമുക്ക് അനുഭവപ്പെടും. ഒരു ഗ്രന്ഥമെന്നതിലുപരി വഴിയും വെളിച്ചവുമായി ഖുര്‍ആന്‍ കരുത്ത് പകരും. ഒരു ദിവസം ഒരു ആയതിന്റെയെങ്കിലും അര്‍ത്ഥവും സന്ദേശവും അറിയാന്‍ പരിശ്രമിക്കും. തന്നോട് സംസാരിക്കുന്ന, തനിക്കേറ്റവും പ്രിയപ്പെട്ടവന്റെ വാക്കുകള്‍ കേള്‍ക്കാതെ, ഗ്രഹിക്കാതെ എങ്ങനെ അലസമായി നില്‍ക്കാന്‍ കഴിയും. മുഴുവനായി ഖുര്‍ആന്‍ ഓതിയതിന്റെ ആനന്ദം എന്നോട് പങ്കുവെച്ചതെല്ലാം ഒന്നൊഴിയാതെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞല്ലോ എന്ന മനസ്സിന്റെ നിര്‍വൃതി കൂടിയാണ്. അത് ആവര്‍ത്തിക്കുമ്പോഴാകട്ടെ അടിമയും ഉടമയും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാകുന്നു. കഴിയും വിധം ഖുര്‍ആനിന്റെ ആശയ പരിസരം അറിയുക എന്നത് കൂടി പരമ പ്രധാനമാണെന്നര്‍ത്ഥം. അപ്പോള്‍ ഖുര്‍ആന്‍ ഒരു വേദഗ്രന്ഥമെന്ന വിശ്വാസത്തില്‍ നിന്ന് തന്റെ സന്തത സഹചാരിയെന്ന ആത്മവിശ്വാസത്തിലേക്ക് നാം വളര്‍ന്നു തുടങ്ങും.

പാരായണം ചെയ്ത് പോകെവേ, ചിരിയും സങ്കടവും സന്തോഷവും ആഹ്ലാദവുമൊക്കെ അനുഭവപ്പെടും. ഇടക്ക് നിയന്ത്രണാതീനനായി പൊട്ടിക്കരയും. തളര്‍ന്ന് നില്‍ക്കുമ്പോള്‍ ഉശിരും ധൈര്യവും പകര്‍ന്ന് ജ്വലിച്ച് നില്‍ക്കും. ഖുര്‍ആന്‍ വിസ്മയാവഹമായ അനുഭൂതിയുടെ കലവറയായി പരിചയപ്പെടുത്തപ്പെടുന്നത് അത്‌കൊണ്ടാണ്.ചിന്തകളുടെ പ്രയോഗകാലം കൂടിയായ റമസാനില്‍ മികച്ച ശീലങ്ങളും ചിന്തകളുമായി ദൈനംദിന വ്യവഹാരങ്ങളെ ക്രമീകരിക്കാന്‍ ഖുര്‍ആനിലൂടെ നാം പ്രചോദിതതരാകണം.

Chandrika Web: