ചെറിയൊരു മയക്കത്തിനുശേഷം ഇന്ത്യയില്‍ കോവിഡ് വൈറസ് ജീവന്‍ വീണ്ടെടുത്ത് തുടങ്ങിയെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ . ദേശീയതലത്തിലും സംസ്ഥാനത്തും കോവിഡ് വ്യാപന നിരക്ക് ഉയരുകയാണ്. നാല് മാസത്തിനുശേഷം ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 13,000 കടന്നിട്ടുണ്ട്. മരണനിരക്കും ഉയര്‍ന്നു കാണാം. ജാഗ്രതയുടെ രക്ഷാകവചങ്ങളെല്ലാം അഴിച്ചുവെച്ച് ജീവിതം വീണ്ടെടുക്കാനുള്ള നെട്ടോട്ടങ്ങള്‍ക്കിടെ മഹാമാരിയുടെ തിരിച്ചുവരവ് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. അതൊരു വന്‍ തരംഗമായി വളര്‍ന്ന് അടിച്ചുവീശാതെ വഴിമാറിപ്പോകുമെന്ന് ആശ്വസിക്കാന്‍ ശ്രമിക്കുമ്പോഴും മുന്‍കാല അനുഭവങ്ങളില്‍നിന്ന് നാം ധാരാളം പഠിച്ചിട്ടുണ്ടെന്ന് ഓര്‍ക്കണം. ദേശീയതലത്തില്‍ അഞ്ച് കോടിയോളം പേരെയാണ് കോവിഡ് കടന്നാക്രമിച്ചത്. 5,24,855 പേര്‍ മരണത്തിന് കീഴടങ്ങി. പല ഘട്ടങ്ങളായാണ് കോവിഡ് ലോകത്തെ രോഗശയ്യയിലേക്ക് തള്ളിയത്. മുന്‍കരുതലില്ലാതെ പതിവ് താളത്തിലേക്ക് ജീവിതത്തെ പറിച്ചുനടാന്‍ ശ്രമിക്കുമ്പോഴായിരുന്നു രണ്ടാം തരംഗത്തിന്റെ വരവ്. പതുക്കെ ഇഴഞ്ഞെത്തിയ ഭീകരന്‍ സുനാമി കണക്കെ ആഞ്ഞടിക്കുകയായിരുന്നു. ഇപ്പോള്‍ പൂര്‍ണമായി പിന്‍വാങ്ങിയെന്ന് ഉറപ്പിച്ചിരിക്കുന്ന ഘട്ടത്തിലാണ് കോവിഡ് തല പൊക്കുന്നത്. പര്യവസാനം എവിടെ, എങ്ങനെ ആയിരിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ സാധിക്കാത്ത രൂപത്തിലായിരുന്നു രോഗത്തിന്റെ ഇതുവരെയുള്ള കടന്നാക്രമണങ്ങള്‍. ആപല്‍ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
സാമ്പത്തികമായും സാമൂഹികമായും ലോകത്തെ കീഴ്‌മേല്‍ മറിച്ച വൈറസ് സജീവമായി തന്നെ ജീവിതത്തോടൊപ്പം ഉണ്ടെന്ന വസ്തുത വിസ്മരിക്കരുത്. പുതിയ വകഭേദങ്ങള്‍ വളര്‍ന്നുവരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചൈനയുടെ അനുഭവം ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പാഠമാകേണ്ടതുണ്ട്. കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈന ഇനിയും രോഗശയ്യ വിട്ടിട്ടില്ല. പല നഗരങ്ങളിലും ലോക്ക്ഡൗണുകള്‍ തുടരുകയാണ്. തലസ്ഥാനമായ ബെയ്ജിങിലെ ഒരു ജില്ലയില്‍ സ്‌കൂള്‍ പഠനം ഓണ്‍ലൈനിലാണ്. ഷാങ്ഹായില്‍ രണ്ട് മാസം നീണ്ട ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. മാസ്‌കുകള്‍ ധരിച്ചും സാമൂഹിക അകലം പാലിച്ചും തന്നെയാണ് ചൈനീസ് ജനത ഇപ്പോഴും മുന്നോട്ടുപോകുന്നത്. ബെയ്ജിങ്ങില്‍ രോഗം പടര്‍ന്നത് ഒരു നൈറ്റ് ക്ലബ്ബിലൂടെ ആണെന്നതുകൊണ്ട് രാത്രിയോടെ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാനാണ് അധികൃതരുടെ ഉത്തരവ്. രാജ്യവ്യാപകമായി കോവിഡ് പരിശോധനകള്‍ സജീവമായി നടക്കുന്നുണ്ട്. രോഗവ്യാപനം തടയാനുള്ള തന്ത്രങ്ങളെല്ലാം പ്രയോഗിച്ചിട്ടും ചൈനയെ പോലൊരു രാജ്യത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്തത് കോവിഡിന്റെ പ്രഹരശേഷിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് മുന്നോട്ടുപോകുന്ന നമുക്ക് ചൈനയുടെ അനുഭവം വലിയൊരു മുന്നറിയിപ്പാണ്.
കേരളത്തില്‍ കാലവര്‍ഷത്തോടൊപ്പം പകര്‍ച്ചവ്യാധികളും എത്താറുള്ളതുകൊണ്ട് പ്രത്യേക ജാഗ്രത വേണം. സംസ്ഥാനത്ത് ആരോഗ്യമേഖല തളര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും പൊതുജനങ്ങള്‍ ആത്മരക്ഷാര്‍ത്ഥം മുന്‍കരുതലെടുക്കേണ്ടതുണ്ട്. ചെള്ള് പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സംസ്ഥാനത്തെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതുകൊണ്ട് രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് രോഗികള്‍ തളര്‍ന്നുവീണ സംഭവങ്ങളുണ്ടായിട്ടുണ്ട്. ആരോഗ്യരംഗം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ കോവിഡിന്റെ പുതിയ തരംഗത്തെ നേരിടാന്‍ സംസ്ഥാനത്തിന് സാധിക്കില്ല. മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റും ഇത്തവണ ഉണ്ടായിട്ടില്ലെന്നതുകൊണ്ട് ഭീഷണി പതിന്മടങ്ങാണ്. പകര്‍ച്ചവ്യാധികള്‍ രൂക്ഷമാകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മരുന്ന് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ഇനിയൊരു കോവിഡ് തരംഗത്തെ നേരിടാന്‍ സംസ്ഥാനത്തിന് ശേഷിയില്ലെന്നിരിക്കെ ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും സജീവമാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ അനാസ്ഥ തുടരുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ചികിത്സയെക്കാള്‍ പ്രധാനമാണ് പ്രതിരോധമെന്ന പ്രാഥമിക ആരോഗ്യ പാഠമെങ്കിലും സര്‍ക്കാര്‍ ഓര്‍ത്തിരുന്നാല്‍ നല്ലത്.