ന്യൂഡല്‍ഹി: ഇന്ത്യയിലെ തേന്‍വിപണിയില്‍ ലഭ്യമായ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാര സിറപ്പിന്റെ സാന്നിധ്യം കൂടുതലെന്ന് കണ്ടെത്തല്‍. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിറോണ്‍മെന്റ് (സിഎസ്ഇ) നടത്തിയ പഠനത്തിലാണ് ഇ്ക്കാര്യം പറയുന്നത്. പതഞ്ജലി, ഡാബര്‍, സാന്ദു തുടങ്ങിയ ഇന്ത്യന്‍ ബ്രാന്റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനാണ് എന്നാണ് കണ്ടെത്തല്‍.
ചൈനീസ് പഞ്ചസാര ചേര്‍ത്ത തേന്‍ ആണ് പ്രമുഖ ബ്രാന്റുകള്‍ വില്‍ക്കുന്നത്. 22 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ അഞ്ചെണ്ണം മാത്രമേ പരിശോധനയില്‍ വിജയിച്ചുള്ളൂ. പൊണ്ണത്തടി, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നതാണ് ചൈനീസ് ഷുഗര്‍ എന്ന് സിഎസ്ഇ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ചൈനീസ് കമ്പനിയാണ് ചൈനീസ് ഷുഗര്‍ നിര്‍മിക്കുന്നത്. സാധാരണഗതിയില്‍ ഇത് കണ്ടു പിടിക്കാന്‍ ആവില്ല. ന്യൂക്ലിയര്‍ മാഗ്നറ്റിക് റെസ്‌പോണ്‍സ് സാങ്കേതിക വിദ്യ വഴിയാണ് ബ്രാന്‍ഡുകളുടെ തേനുകള്‍ പരിശോധിച്ചത്.
തേന്‍ വില്‍പനയില്‍ വര്‍ധന ഉണ്ടായിട്ടും തേനീച്ച വളര്‍ത്തുന്ന കര്‍ഷകര്‍ ദുരിതത്തിലാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് സി.എസ്.ഇ ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍ പറഞ്ഞു- ‘ശീതള പാനീയങ്ങളെ കുറിച്ചുള്ള 2003, 2006 വര്‍ഷങ്ങളിലെ അന്വേഷണങ്ങളില്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ തട്ടിപ്പാണ് ഇത്. ആരോഗ്യത്തിന് വളരെയധികം ഹാനികരമായ തട്ടിപ്പാണ് തേനില്‍ നടക്കുന്നത്. കോവിഡ് വ്യാപനത്തിനിടെയുള്ള തട്ടിപ്പ് ആശങ്കയുണ്ടാക്കുന്നതാണ്. പ്രതിരോധം വര്‍ധിപ്പിക്കാനായി തേന്‍ ഉപഭോഗം കൂടിയ സമയമാണിത്. പഞ്ചസാര സിറപ്പ് ചേര്‍ത്ത് വില്‍പനക്കെത്തുന്ന തേനുകള്‍ കോവിഡ് അപകട സാധ്യത കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്യുന്നത്.- സുനിത നരേന്‍ വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങള്‍ കമ്പനികള്‍ തള്ളി. അന്താരാഷ്ട്ര വിപണിയില്‍ തേനിന്റെ വില താഴ്ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ ആരോപിച്ചു.