ജനാധിപത്യ സമൂഹത്തെ ഉത്തേജിപ്പിക്കുന്ന വിജയമാണ് ഭവാനിപൂരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേത്. റെക്കോര്‍ഡ് വോട്ടുകളോടെ മമത നേടിയ അത്യുജ്വല വിജയം ഇന്ത്യന്‍ ജനതക്ക് കരുത്തും ആത്മവിശ്വാസവും പകരുന്നുണ്ട്. പശ്ചിമബംഗാളില്‍ മാത്രം ഒതുങ്ങുന്നില്ല അതിന്റെ അലകള്‍. നിരാശയിലേക്ക് വഴുതിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ വെട്ടമായി മാറുകയാണ് മമത എന്ന ഒറ്റയാള്‍ സിംഹം. ബംഗാളിലേക്ക് നോക്കി മനപ്പായസമുണ്ടിരുന്ന സംഘപരിവാരത്തിന്റെ മനക്കോട്ടകള്‍ വീണ്ടും തകര്‍ന്നിരിക്കുന്നു. മമതാ ബാനര്‍ജി എന്ന പെണ്‍പോരാളി കൂടുതല്‍ കരുത്തോടെ വിജയത്തിലേക്ക് നടന്നടുക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഭവാനിപൂരില്‍ മമതയെ തറപറ്റിക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. സര്‍വ്വ സന്നാഹങ്ങളും അണിനിരത്തിയാണ് ബി.ജെ.പി ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. കേന്ദ്രമന്ത്രിമാര്‍ തമ്പടിച്ച് ഓടി നടന്നിട്ടും ഭവാനിപൂരിന്റെ മനസ്സ് കവരാന്‍ സംഘപരിവാരത്തിന് കഴിഞ്ഞില്ല. അധികാര സംവിധാനങ്ങള്‍ അത്രയും ദുരുപയോഗം ചെയ്ത് പണം വാരിയെറിഞ്ഞായിരുന്നു ബി.ജെ.പി പ്രചാരണങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ ഭൂരിപക്ഷം കുറച്ചെങ്കിലും മമതയെ കണ്ണീരു കുടുപ്പിക്കണമെന്ന് സംഘപരിവാരം ഏറെ കൊതിച്ചിരുന്നു. വര്‍ഗീയ വികാരം പരമാവധി ഇളക്കിവിടുകയെന്ന തന്ത്രമാണ് ബി.ജെ.പി പ്രയോഗിച്ചത്. പക്ഷെ, ഭവാനുപൂരില്‍ അത് അല്‍പം പോലും ഏശിയില്ല. ദീദിക്ക് റെക്കോര്‍ഡ് വിജയം സമ്മാനിച്ചണ് ബംഗാള്‍ ജനത ബി.ജെ.പിക്ക് മറുപടി നല്‍കിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നു. ഭവാനിപൂരില്‍ തൃണമൂലിന്റെ സോബന്‍ദേബ് ചതോപാധ്യായ രാജിവെച്ചാണ് മമതക്ക് മത്സരിക്കാന്‍ അവസമൊരുക്കിയത്. ചതോപധ്യായയുടെ ഭൂരിപക്ഷം 29,000 വോട്ടായിരുന്നെങ്കില്‍ മമത എത്തിയതോടെ തൃണമൂലിന് വീണ്ടും കരുത്തുകൂടി. 58,389 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുഖ്യമന്ത്രിക്കുള്ളത്. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മമതയുടെ സ്വന്തം റെക്കോര്‍ഡുകള്‍ ഭവാനിപൂരില്‍ തിരുത്തിക്കുറിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകള്‍ മാത്രമാണ്. വര്‍ഗീതയുടെ കടന്നാക്രമണങ്ങളെ നെഞ്ചുറപ്പോടെ ചെറുത്തു തോല്‍പ്പിച്ച മമതയുടെ വിജയങ്ങള്‍ക്ക് എക്കാലവും പത്തരമാറ്റ് തിളക്കമുണ്ട്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചരിത്രം കുറിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ഭരണം പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇരച്ചെത്തിയ ബി.ജെ.പിയെ ബംഗാളിലെ വോട്ടര്‍മാര്‍ തുരത്തിയോടിച്ചു. ഇരുന്നൂറിലേറെ സീറ്റുകള്‍ നേടിയാണ് ബംഗാളില്‍ തൃണമൂല്‍ അധികാരത്തിലെത്തിയത്. ആ പടയോട്ടത്തില്‍ സൈന്യാധിപയായ മമത നന്ദിഗ്രാമില്‍ ഇടറിവീണു. തോല്‍വി നേരിട്ടെങ്കിലും ദീദി തന്നെ വീണ്ടും മുഖ്യമന്ത്രിയായി. അതുകൊണ്ട് ഭവാനിപൂരിലെ വിജയം അനിവാര്യമായിരുന്നു.
മമതയുടെ തളര്‍ച്ച കാണാന്‍ കാത്തിരുന്നപ്പോഴെല്ലാം ബി.ജെ.പിക്ക് നിരാശ മാത്രമാണ് ബാക്കിയായത്. വെള്ളസാരി ഉടുത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ആള്‍രൂപമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ദീദി തിരിച്ചുകയറിയത് ചരിത്രത്തില്‍ സ്വന്തം പേര് അടയാളപ്പെടുത്തിയാണ്. കേവലമൊരു രാഷ്ട്രീയക്കാരി മാത്രമല്ല അവര്‍. കവയിത്രിയായും ചിത്രകാരിയായും വ്യക്തിമുദ്ര പതിപ്പിച്ചു. മമതക്ക് ഏറ്റവും കൂടുതല്‍ കലഹിക്കേണ്ടിവന്നത് ബി.ജെ.പിയോട് മാത്രമാണ്. ബംഗാളില്‍ സി.പി.എമ്മിനെ തല്ലത്തകര്‍ത്ത അവര്‍ ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ക്കുമുന്നില്‍ ഒരിക്കല്‍ പോലും മുട്ടുമടക്കിയില്ല. പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം എത്തിയപ്പോള്‍ അതിനെതിരെ മമത ഉറച്ച സ്വരത്തില്‍ സംസാരിച്ചു. ബംഗാളില്‍ സി.എ.എ നടപ്പാക്കില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു. പല സംസ്ഥാന സര്‍ക്കാരുകളും ഒളിച്ചുകളി നടത്തിയപ്പോള്‍ മമതയുടെ ശബ്ദം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതായി. ഒരുപക്ഷെ, പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വപ്പട്ടികയും നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തുകൊണ്ടാണ് അവര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. തന്റെ ശവത്തില്‍ ചവിട്ടി മാത്രമേ നിങ്ങള്‍ക്ക് പൗരത്വ നിയമം ബംഗാളില്‍ നടപ്പാക്കാന്‍ സാധിക്കൂ എന്ന് മമത വ്യക്തമാക്കി. ഭൂരിപക്ഷമുള്ളതുകൊണ്ട് മാത്രം രാജ്യത്ത് എന്തും ചെയ്യാമെന്ന തോന്നല്‍ വേണ്ടെന്നും സമൂഹത്തെ ഭീകരവത്കരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അവര്‍ മോദിയെ ഓര്‍മപ്പെടുത്തി. ആഭ്യന്തര മന്ത്രി സ്ഥാനം ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയാകരുതെന്നും രാജ്യത്തിന്റെ മുഴുവന്‍ മന്ത്രിയാണ് താനെന്ന ബോധം ഉണ്ടായിരിക്കണമെന്നും അമിത്ഷായെ ഉപദേശിക്കുമ്പോള്‍ ദീദിയുടെ വാക്കുകള്‍ക്ക് മൂര്‍ച്ച ഏറുകയാണ്. ബംഗാളില്‍ 35 വര്‍ഷം ഭരണം നടത്തിയ സി.പി.എം കോര്‍പ്പറേറ്റുകളുടെ പിന്നാലെ പോയപ്പോള്‍ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയവുമായി രംഗത്തെത്തിയ ദീദിയെ ജനങ്ങള്‍ ഉറച്ചുവിശ്വസിച്ചു. രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ മമതക്കിപ്പോള്‍ മുഖ്യ എതിരാളി ബി.ജെ.പി മാത്രമാണ്. പ്രധാനമന്ത്രി മോദി പങ്കെടുത്ത ചടങ്ങില്‍ ചിലര്‍ ജയ് ശ്രീറാം വിളിച്ചപ്പോള്‍ പ്രതിഷേധിച്ച് പ്രസംഗം നിര്‍ത്തി ഇറങ്ങിപ്പോന്നും അവര്‍ സംഘപരിവാരത്തെ ഞെട്ടിച്ചു.
ശക്തമായ നേതൃത്വത്തിനു കീഴില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഫാസിസ്റ്റ് ഭീഷണികളില്‍നിന്ന് രാജ്യത്തെ അനായാസം രക്ഷിക്കാനാവുമെന്നാണ് ഭവാനിപൂര്‍ നല്‍കുന്ന പാഠം. വര്‍ഗീയ ശക്തികളില്‍നിന്ന് രാജ്യം കടുത്ത വെല്ലുവിളി നേരിടുമ്പോഴും സ്വന്തം രാഷ്ട്രീയ നേട്ടങ്ങളില്‍ മാത്രം കണ്ണുവെച്ച സി.പി.എമ്മിന്റെ വികൃതമുഖവും ഇവിടെ അനാവാരണം ചെയ്യപ്പെടുന്നുണ്ട്. ഭവാനിപൂരില്‍ മമതയുടെ വിജയം മതേതര, ജനാധപത്യ ശക്തികളുടെ മുഴുവന്‍ ആവശ്യമായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ മമതയെ സഹായിച്ചപ്പോള്‍ സി.പി.എം ബി.ജെ.പിയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മതേതര പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് സി.പി.എം സ്വന്തം സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി. സി.പി.എമ്മിന്റെ ധിക്കാരത്തെ വോട്ടര്‍മാര്‍ പുച്ഛിച്ചു തള്ളുകയും ചെയ്തു.
ബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ജനരോഷം കൂടി പ്രതിഫലിക്കുന്നുണ്ട്. ഭവാനിപൂരിന് പുറമെ വോട്ടെടുപ്പ് നടന്ന മറ്റ് രണ്ട് മണ്ഡലങ്ങളിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ജങ്കിപൂരിലും ഷംഷേര്‍ഗഞ്ചിലും ബി.ജെ.പി തറപറ്റി. മോദി ഭരണകൂടത്തിനു കീഴില്‍ തുല്യതയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയില്‍ ജനക്ഷേമത്തിന് സ്ഥാനമില്ല. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചിരിക്കുന്നു. വിലക്കയറ്റത്തില്‍ സാധാരണക്കാര്‍ പൊറുതിമുട്ടുകയാണ്. എല്ലാം കോര്‍പ്പറേറ്റുകള്‍ക്കു മുന്നില്‍ അടിയറവെച്ചിരിക്കുന്നു. പൗരത്വ നിയമത്തെക്കുറിച്ച് മാത്രമാണ് മോദി ഭരണകൂടത്തിന് സംസാരിക്കാനുള്ളത്. ഈ പശ്ചാത്തലത്തില്‍ മമതയുടെ ചരിത്രവിജയം കേന്ദ്ര സര്‍ക്കാരിന് ലഭിച്ച ചുട്ട മറുപടി കൂടിയാണ്.