കോഴിക്കോട്: ജില്ലയില്‍ മികച്ച ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തതില്‍ വ്യാപക ക്രമക്കേട് നടന്നതായി പരാതി. 2017-18 വര്‍ഷത്തെ മികച്ച പഞ്ചായത്തുകളെ തെരഞ്ഞെടുത്തതിലാണ് ക്രമക്കേടും രാഷ്ട്രീയ ഇടപെടലുമുണ്ടായതായി ആക്ഷേപമുയര്‍ന്നിരിക്കുന്നത്. മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകളെ തഴയുകയും അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലാത്ത ഗ്രാമപഞ്ചായത്തുകളെ പ്രത്യേക താല്‍പര്യത്തോടെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
അപേക്ഷിക്കാന്‍ ആറോളം അര്‍ഹതാ മാനദണ്ഡങ്ങള്‍ വേണമെന്നിരിക്കേ ഇതില്‍ മിക്കതും ഇല്ലാത്ത കാരശ്ശേരി ഗ്രാമപഞ്ചായത്തിനെയാണ് ജില്ലയിലെ മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇത് അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ വിശ്വാസ്യതയെ തകര്‍ത്തിരിക്കുകയാണെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി ശാന്ത, മാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് ടീച്ചര്‍, പെരുവയല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മെയിന്റനന്‍സ് ഗ്രാന്റ് ഫണ്ട് 70 ശതമാനവും ടി.എസ്.പി ഫണ്ട് 75 ശതമാനവും ചെലവഴിക്കണമെന്നത് അപേക്ഷിക്കുന്നതിനുള്ള പ്രധാന യോഗ്യതയാണ്. എന്നാല്‍ കാരശ്ശേരി പഞ്ചായത്ത് മെയിന്റനന്‍സ് ഫണ്ട് 39.75 ശതമാനവും ടി.എസ്.പി 51.69 ശതമാനവും മാത്രമാണ് ചെലവഴിച്ചത്. പ്രാഥമിക ഘട്ടത്തില്‍ തന്നെ നിരസിക്കപ്പെടേണ്ട അപേക്ഷകരെ തെരഞ്ഞടുത്തതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനമാണുള്ളത്.
ഇതേ കാരണം പറഞ്ഞ് പല പഞ്ചായത്തുകളുടെയും അപേക്ഷ നിരസിച്ചിട്ടുണ്ട്. അര്‍ഹതാ മാനദണ്ഡത്തില്‍ പോലും കൃത്രിമം നടത്തിയ സാഹചര്യത്തില്‍ മുന്‍ഗണന മാനദണ്ഡത്തില്‍ വ്യാപകമായ ക്രമക്കേട് നടക്കാന്‍ സാധ്യതയുണ്ട്. അവാര്‍ഡിനായി ഗ്രാമപഞ്ചായത്തുകള്‍ സമര്‍പ്പിച്ച അപേക്ഷകളിലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായാല്‍ ഇക്കാര്യം പുറത്ത് വരും.
മുന്‍കാലങ്ങളില്ലാത്ത സമീപനമാണ് മികച്ച പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിശ്വാസ്യത വീണ്ടെടുക്കാന്‍ പുനപരിശോധന നടത്തണമെന്നും അപേക്ഷകളിലെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഡപ്യുട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.
ട്രഷറികളില്‍ ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ ക്യു ലിസ്റ്റില്‍ ഉള്‍പ്പെടുത്തി തടഞ്ഞുവെക്കുന്നത് മൂലം പദ്ധതി പ്രവര്‍ത്തനം നിശ്ചലമാണ്. പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ തുക അനുവദിക്കുന്നത് അനിശ്ചിതത്വത്തിലായതോടെ പുതിയ പ്രവൃത്തി ഏറ്റെടുക്കുന്നതിന് കരാറുകാര്‍ മടിക്കുകയാണ്. 2019-20 വാര്‍ഷിക പദ്ധതിക്കുള്ള സംസ്ഥാന വിഹിതത്തില്‍ 20 ശതമാനത്തിന്റെ കുറവ് വരുത്തിയതും പ്രതിസന്ധിയുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.