ഖത്തര്‍ ലോകകപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മികച്ച സംഘാടനത്തിന് ഖത്തറിനെ ആവോളം പ്രശംസിച്ച് ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫന്റിനോ. എക്കാലത്തെയും മികച്ച ലോകകപ്പാണ് ഖത്തറില്‍ അരങ്ങേറിയതെന്നും മികച്ച വളണ്ടിയര്‍മാരാണ് ഖത്തറില്‍ കാണാന്‍ ആയതെന്നും അദ്ദേഹം വ്യക്തമാക്കി.
എക്കാലത്തെയും മികച്ച ലോകകപ്പിലെ ലോകത്തിലെ ഏറ്റവും മികച്ച വളണ്ടിയര്‍മാരാണ് നിങ്ങള്‍, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും നന്ദി നിങ്ങളെ അറിയിക്കുന്നു ദോഹ കോര്‍ണിഷില്‍ നടന്ന വളണ്ടിയര്‍ സെലിബ്രേഷന്‍ ചടങ്ങില്‍ ഫിഫ പ്രസിഡണ്ട് പറഞ്ഞു.
4 ലക്ഷത്തോളം പേരാണ് വളണ്ടിയര്‍ ആകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നത് ഇതില്‍ നിന്നാണ് ഇരുപതിനായിരം പേരെ തിരഞ്ഞെടുത്തത്. ലോകത്തിന്റെ മുഖവും ചിരിയുമായിരുന്നു വളണ്ടിയര്‍മാര്‍. നിങ്ങളുടെ ഈ ചിരിയാണ് എക്കാലത്തെയും മികച്ച ലോകകപ്പാക്കി ഇത് മാറ്റിയത് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാത്രി അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരത്തോടെ ലോകകപ്പിന് തിരശ്ശീല വീഴും. അതേസമയം ഇന്ന് രാത്രി ലൂസേഴ്‌സ് ഫൈനല്‍ പോരാട്ടം ക്രൊയേഷ്യ- മൊറോക്കോ എന്നിവര്‍ തമ്മില്‍ നടക്കും.