X

സാഫ് കപ്പില്‍ ഇന്ന് ഫൈനല്‍; ഇന്ത്യയും കുവൈറ്റും നേര്‍ക്കുനേര്‍

ബെംഗളുരു: സാഫ് കപ്പില്‍ ഇന്ന് ഫൈനല്‍. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഇന്ത്യയും കുവൈറ്റും നേര്‍ക്കുനേര്‍. രാത്രി 7-30 ന് ആരംഭിക്കുന്ന മല്‍സരം പ്രാഥമിക ഗ്രൂപ്പിലെ അവസാന പോരാട്ടത്തിന്റെ ആവര്‍ത്തനമാണ്. അന്ന് 1-1 ല്‍ അവസാനിച്ച മല്‍സരം വഴി കുവൈറ്റ് ഇന്ത്യയെ പിറകിലാക്കി ഗ്രൂപ്പ് ജേതാക്കളായി മാറിയിരുന്നു. ഇന്ന് ജേതാക്കളാവുന്നവര്‍ക്ക് ദക്ഷിണേഷ്യന്‍ ഫുട്‌ബോള്‍ കിരീടമാണ് ലഭിക്കുക. രണ്ട് ടീമുകളും കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ പരാജയമറിഞ്ഞിട്ടില്ല. ഗംഭീരമായിരുന്നു സുനില്‍ ഛേത്രിയുടെ ഇന്ത്യ. ആദ്യ മല്‍സരത്തില്‍ ബദ്ധവൈരികളായ പാക്കിസ്താനെ തകര്‍ത്തത് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക്. രണ്ടാം മല്‍സരത്തില്‍ അയല്‍ക്കാരായ നേപ്പാളിനെ വീഴ്ത്തിയത് രണ്ട് ഗോളിന്. മൂന്നാം മല്‍സരത്തില്‍ കുവൈറ്റിനെതിരെ അവസാനം വരെ ഒരു ഗോള്‍ ലീഡ് നേടിയ ശേഷം സെല്‍ഫ് ഗോളില്‍ സമനില വഴങ്ങി. ശക്തരായ ലെബനോണിനെതിരായ സെമി ഫൈനല്‍ പോരാട്ടം ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ചപ്പോള്‍ പായിച്ച നാല് ഷോട്ടുകളും ലക്ഷ്യത്തിലെത്തിച്ച് കലാശ ടിക്കറ്റ് നേടി. എല്ലാ മല്‍സരങ്ങളിലും ഗോളുകള്‍ സ്വന്തമാക്കിയ നായകന്‍ തന്നെ ഇന്ത്യയുടെ പ്രതീക്ഷ.

കുവൈറ്റും ചില്ലറക്കാരല്ല. നേപ്പാളിനെതിരെ 3-1 ന്റെ വിജയവുമായിട്ടായിരുന്നു തുടക്കം. രണ്ടാം മല്‍സരത്തില്‍ പാക്കിസ്താനെ നാല് ഗോളിന് നിഷ്പ്രഭരാക്കി. ഇന്ത്യക്കെതിരായ സമനിലയുടെ ആനുകൂല്യത്തില്‍ ഗോള്‍ ശരാശരിയില്‍ ഗ്രൂപ്പ് ജേതാക്കള്‍. സെമി ഫൈനലില്‍ ഒരു ഗോളിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഫൈനല്‍ ബെര്‍ത്ത്.

ഇന്ത്യ ആക്രമണോത്സുകരായി കളിക്കുന്നു എന്നതാണ് പ്രതീക്ഷ നല്‍കുന്ന വലിയ ഘടകം. പ്രതിയോഗികള്‍ ശക്തരാവുമ്പോള്‍ പിറകോട്ട് വലിഞ്ഞുള്ള പ്രതിരോധ ശൈലിക്ക് പകരം വേഗതയിലുള്ള നീക്കങ്ങള്‍ വഴി ടീം പ്രതിയോഗികളുടെ വലയില്‍ പന്ത് എത്തിക്കുന്നു. രാജ്യാന്തര ഫുട്‌ബോളില്‍ ഇന്ത്യയെക്കാള്‍ സീഡിംഗില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ലെബനോണും കുവൈറ്റും. അവര്‍ക്കെതിരെ ഗോളുകള്‍ നേടാനായത് ആക്രമണത്തില്‍ വിശ്വാസമര്‍പ്പിച്ചത് കൊണ്ടാണ്. അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതില്‍ ഛേത്രി പ്രകടിപ്പിക്കുന്ന മികവ് ഗോളുകളായി മാറുന്നു. പാക്കിസ്താനെതിരെ ഹാട്രിക്ക് നേടിയ നായകന്‍ നേപ്പാളിനെതിരെയും കുവൈറ്റിനെതിരെയും സ്‌ക്കോര്‍ ചെയ്തു. സെമിയില്‍ ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ ആദ്യ കിക്ക് പായിച്ചതും ലക്ഷ്യത്തിലെത്തിച്ചതും ഛേത്രി തന്നെ. മലയാളി താരം ആഷിഖ് കുരുണിയന്‍, ലാല്‍സാന്‍ ചാംഗ്‌തേ, ഉദാന്ത സിംഗ് എന്നിവരാണ് മുന്‍നിരയില്‍ നായകന് കൂട്ട്. ഭാവനാസമ്പന്നമായ യുവ മധ്യനിരയാണ് മുന്‍നിരക്ക് നിരന്തരം പന്ത് എത്തിക്കുന്നത്. സഹല്‍ അബ്ദുള്‍ സമദ്, അനിരുദ്ധ് ഥാപ്പ, മഹേഷ് സിംഗ് എന്നിവര്‍ നല്ല ഫോമില്‍ നില്‍ക്കുന്നു. പിന്‍നിരയും ചാഞ്ചാട്ടം പ്രകടിപ്പിക്കുന്നില്ല. സന്ദേശ് ജിങ്കാന്‍, പ്രീതം കോട്ടാല്‍, അന്‍വര്‍ അലി, സുഭാഷിഷ് ബോസ് എന്നിവരെല്ലാം അനുഭവ സമ്പന്നരാണ്. സെമിയില്‍ സസ്‌പെന്‍ഷന്‍ കാരണം കളിക്കാന്‍ കഴിയാതിരുന്ന ജിങ്കാന്‍ ഇന്ന് ആദ്യ ഇലവനില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. ഗോള്‍ വലയത്തില്‍ ഗുര്‍പ്രീത്‌സിംഗ് സന്ധു തന്നെ വരും. ലെബനോണിനെതിരായ സെമിയില്‍ ഛേത്രിക്ക് പിറകില്‍ കളിച്ച മഹേഷ് സിംഗിന് അതേ റോളായിരിക്കും ഇന്നും. ഇടത് വിംഗില്‍ വേഗക്കാരനായ ആഷിഖ് തുടരും. ഏഷ്യന്‍ ഫുട്‌ബോളില്‍ കരുത്തരായി കളിക്കുന്നവരാണ് കുവൈറ്റ്. സുല്‍ത്താന്‍ അല്‍ ഇനേസിയെ പോലുള്ള ശക്തരായ താരങ്ങളാണ് അവരുടെ കരുത്ത്. ഗോള്‍ വേട്ടയില്‍ ഇന്ത്യയെക്കാള്‍ മുന്നില്‍. തികഞ്ഞ അവസരവാദികളായി ആക്രമണം നടത്തുന്നവര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ ആക്രമണത്തില്‍ പിറകോട്ട് പോയതിന്റെ നിരാശ ഇന്ന് അകറ്റുമെന്നാണ് ടീം കോച്ച് വ്യക്തമാക്കിയത്.

webdesk11: