ന്യൂഡല്‍ഹി: ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലേക്ക് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം താരം ദിമിതര്‍ ബെര്‍ബറ്റോവും. 36കാരനായ ബെര്‍ബറ്റോവ് ഗ്രീക്ക് ക്ലബ്ബ് പാവോക് സലോനികയില്‍ നിന്നുമാണ് ഒരു വര്‍ഷത്തെ കരാറില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്.
ബള്‍ഗേറിയയുടെ മുന്‍ താരമായ ബെര്‍ബറ്റോവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 108 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നായി 48 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ട് തവണ ലീഗില്‍ ചാമ്പ്യന്‍മാരായ സംഘത്തോടൊപ്പം അദ്ദേഹമുണ്ടായിരുന്നു. ഏഴ് തവണ ബള്‍ഗേറിയന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട താരം സി.എസ്.കെ.എ സോഫിയ, ബയേര്‍ ലെവര്‍ക്യൂസന്‍, മൊണാകോ തുടങ്ങിയ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.
ബെര്‍ബറ്റോവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പിടുന്ന കാലത്ത് യുണൈറ്റഡ് കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ സംഘാംഗമായിരുന്നു ബ്ലാസ്റ്റേഴ്‌സ് കോച്ച് മ്യൂളന്‍ സ്റ്റീന്‍. 17-ാം വയസില്‍ സി.എസ്.കെ.എ സോഫിയയില്‍ നിന്നുമാണ് ബെര്‍ബറ്റോവ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. സോഫിയയില്‍ നിന്നും ജര്‍മന്‍ ക്ലബ്ബ് ബയേര്‍ ലെവര്‍കൂസന്‍ ബെര്‍ബറ്റോവിനെ സ്വന്തമാക്കുകയായിരുന്നു. 2001 മുതല്‍ 2006 ലെവര്‍കൂസന് വേണ്ടി കളിച്ച അദ്ദേഹം 100ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2006ല്‍ ഒരു ബള്‍ഗേറിയന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുക സ്വന്തമാക്കിയാണ് ബെര്‍ബറ്റോവ് ടോട്ടന്‍ഹാമിലെത്തിയത്.
2008ല്‍ 30.75 മില്യന്‍ പൗണ്ടിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അദ്ദേഹത്തെ സ്വന്തമാക്കി. 2008-12 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 100ല്‍ അധികം മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 2010-11 സീസണില്‍ ബ്ലാക്‌ബേണിനെ മാഞ്ചസ്റ്റര്‍ 7-1ന് തോല്‍പിച്ചപ്പോള്‍ അഞ്ചു ഗോളുകളും പിറന്നത് ബെര്‍ബറ്റോവിന്റെ ബൂട്ടില്‍ നിന്നുമാണ്. ഇതേ വര്‍ഷം മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം കാര്‍ലോസ് ടെവസുമായി അദ്ദേഹം പങ്കിട്ടു.