കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബെന്യാമിന്‍ മോദിക്കെതിരെ രംഗത്തുവന്നത്.
മോദി പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിനു പിന്നില്‍ നില്ക്കുന്ന ആ സുരക്ഷാ ഉദ്യോഗസ്ഥനെ സമ്മതിക്കണമെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരാള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ ഏറെ സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്ക്കാന്‍ കഴിയുന്നു..?!
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയുടെ വിജയത്തിനു വേണ്ടി ചരിത്രത്തെ വളച്ചൊടിച്ചിരുന്നു.
സൈനിക മേധാവികളായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയെയും ജനറല്‍ തിമ്മയ്യയെയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പ്രതിരോധ മന്ത്രി വികെ കൃഷണമേനോനും അപമാനിച്ചുവെന്നായിരുന്നു മോദിയുടെ ആദ്യ പരാമര്‍ശം.
എന്നാല്‍, 1948ല്‍ ജനറല്‍ തിമ്മയ്യ ആയിരുന്നില്ല സൈനിക മേധാവി. ഈ കാലയളവില്‍ വി.കെ കൃഷ്ണമേനോന്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രിയുമായിരുന്നില്ല.
ഈ വസ്തുത അറിയാതെയാണ് മോദി എഴുതിക്കൊടുത്ത പ്രസംഗം വായിച്ചത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം 1957ലാണ് ജനറല്‍ തിമ്മയ്യ സൈനിക മേധാവിയായത്.
ഇതിനു പുറമെ സ്വാതന്ത്ര്യ സമരസേനാനികളായ ഭഗത് സിങിനെയും ബത്തുകേശ്വര്‍ ദത്തിനെയും ജയിലിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്നതായിരുന്നു നരേന്ദ്രമോദിയുടെ രണ്ടാമത്തെ പ്രസ്താവന.
എന്നാല്‍ ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പ്രമുഖര്‍ രംഗത്തുവന്നു.
നെഹ്‌റു ഇരുവരെയും ജയിലില്‍ പോയി കാണുകയും എഴുതുകയും ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം പാകിസ്താനികള്‍ക്കു വരെ അറിയാമെന്നും സോഷ്യല്‍മീഡിയില്‍ പ്രതികരണമുയര്‍ന്നു.
ചരിത്ര രേഖകള്‍ തെളിവായി നല്‍കി കൊണ്ടാണ് മോദിയുടെ ഈ പ്രസ്താവനയെ ചിലര്‍ എതിരേറ്റത്. കൂടാതെ ഭഗത് സിങിന് മോദി ജയിലില്‍ ഭക്ഷണം എത്തിക്കുന്ന ഫോട്ടോഷോപ്പ് ചിത്രങ്ങളും പോസ്റ്റു ചെയ്തിരുന്നു.