ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബേറ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. നെതന്യാഹുവിന്റെ സീസേറയിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, പിടിയിലായവരുടെ കുടുതല്‍ വിവരങ്ങള്‍ ഇസ്രാഈല്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ആക്രമണം നടക്കുമ്പോള്‍ നെതന്യാഹു വീട്ടിലുണ്ടായിരുന്നില്ല. ഇസ്രാഈല്‍ പൊലീസ് ആക്രമണത്തില്‍ ഉടന്‍ തന്നെ അന്വേഷണം തുടങ്ങി. ഗുരുതരമായ സംഭവമാണ് ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തെ അപലപിച്ച് ഇസ്രാഈലിലെ രാഷ്ട്രീയവൃത്തങ്ങള്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് യായിര്‍ ലാപ്പിഡ് നാഷണല്‍ യൂണിറ്റി ചെയര്‍മാന്‍ ബെന്നി ഗാന്റ്‌സ് എന്നിവര്‍ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇസ്രാഈല്‍ പ്രസിഡന്റ് ഹെര്‍സോഗും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ ഉടന്‍ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീണ്ടും ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹുവിനെ വധിക്കാനും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാനുമായി ഈയടുത്ത് നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ് പുതിയ ആക്രമണമെന്നും നീതിന്യായ മന്ത്രി യാരിവ് ലെവിന്‍ പറഞ്ഞു. നേരത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണാക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ നെതന്യാഹുവിന്റെ വീട്ടിലെ കിടപ്പുമുറിക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു.