X

ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കും: ഭീഷണിയുമായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍അവീവ്: സിറിയയും ഇറാനും തമ്മില്‍ പുതിയ സുരക്ഷാ സഹകരണ കരാറില്‍ ഒപ്പുവെച്ചതിനു പിന്നാലെ ഭീഷണിയുമായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. സിറിയയില്‍ സൈന്യത്തെ വിന്യസിപ്പിക്കാനും ആധുനിക ആയുധങ്ങള്‍ സ്ഥാപിക്കാനുമുള്ള ഇറാന്റെ ഏത് നീക്കത്തെയും ഇസ്രാഈല്‍ ശക്തമായി ചെറുക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രാഈലിന്റെ നെഗവ് ആണവ കേന്ദ്രങ്ങള്‍ക്ക് മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ പേര് നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രാഈലിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആരായാലും അതിന്റെ ഭവിഷത്ത് അറിയുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

നേരത്തെ ലബനാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയ്ക്ക് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്നാരോപിച്ച് സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ നിരവധി തവണ ഇസ്രാഈല്‍ ആക്രമിച്ചിരുന്നു. ഏഴുവര്‍ഷത്തിലേറെയായി തുടരുന്ന സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ വിമത സൈനികര്‍ക്കെതിരായ പോരാട്ടത്തില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന് രാഷ്ട്രീയ-സാമ്പത്തിക-സൈനിക സഹായം ഇറാന്‍ നല്‍കിവരുന്നുണ്ടെന്നാണ് ഇറാനെതിരായ പ്രധാന ആരോപണം.

സിറിയയുമായി ഉണ്ടാക്കിയ സുരക്ഷാ സഹകരണ കരാറിന്റെ അടിസ്ഥാനത്തില്‍ ഇറാന്‍ സൈന്യം സിറിയയില്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം ദമസ്‌ക്കസിലെ ഇറാന്‍ സൈനിക സ്ഥാനപതി പറഞ്ഞിരുന്നു.സിറിയയുടെ അഖണ്ഡതയും സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിന് അവരെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ സുരക്ഷാ കരാറില്‍ ഒപ്പുവച്ചിരിക്കുന്നതെന്നും ബ്രിഗേഡിയര്‍ ജനറല്‍ അബുല്‍ഖാസിം അലിനെജാദ് പറഞ്ഞിരുന്നു.

chandrika: