X

മോദിയെ ഫോണില്‍ വിളിച്ച് നെതന്യാഹു; സ്ഥിതിഗതികള്‍ ധരിപ്പിച്ചു

ഇസ്രഈല്‍  – ഹമാസ് പോരാട്ടം അയവില്ലാതെ തുടരുന്നതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണില്‍ സംഭാഷണം നടത്തി. ഇസ്രഈല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതായി മോദി സ്ഥിരീകരിച്ചു. ഹമാസ് നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ അദ്ദേഹം പങ്കുവച്ചതായും മോദി വിശദീകരിച്ചു

ഇന്ത്യന്‍ ജനത ഇസ്രയേലിനൊപ്പമാണെന്ന നിലപാട് മോദി ആവര്‍ത്തിച്ചു. ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് ഇന്ത്യയിലെ ഇസ്രഈല്‍എംബസിയും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ രംഗത്തെത്തി.

‘പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഫോണ്‍ കോളിനും നിലവിലെ സാഹചര്യത്തെക്കുറിച്ച് നല്‍കിയ വിശദീകരണത്തിനും നന്ദി. അതീവ ദുഷ്‌കരമായ ഈ ഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുന്നു. ഏതു രൂപത്തിലും ഭാവത്തിലുമായാലും, ഭീകരതയെ ഇന്ത്യ ശക്തമായും അസന്നിഗ്ധമായും അപലപിക്കുന്നു’ – മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചു.

ഇസ്രഈലിനു നേരെ നടന്നത് ഭീകരാക്രമണമാണെന്ന് ശനിയാഴ്ച തന്നെ മോദി പ്രതികരിച്ചിരുന്നു. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുന്നതായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും വ്യക്തമാക്കി.

 

 

webdesk13: