ധാക്ക: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ ബലാത്സംഗ കേസുകളില്‍ പരമാവധി ശിക്ഷ ലഭ്യമാക്കാനൊരുങ്ങി ബംഗ്ലാദേശ് സര്‍ക്കാര്‍. ബലാത്സംഗ കേസുകളില്‍ വധശിക്ഷ അനുവദിക്കുന്ന ഭേദഗതിയെ ബംഗ്ലാദേശ് സര്‍ക്കാര്‍ അംഗീകരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ യോഗത്തിലാണ് ഭേദഗതി അംഗീകരിച്ചത്.
സ്ത്രീകളേയും കുട്ടികളേയും അടിച്ചമര്‍ത്തല്‍ പ്രതിരോധ (ഭേദഗതി) ബില്ലിന്റെ കരട് മന്ത്രിമാര്‍ അംഗീകരിച്ചതായി ക്യാബിനറ്റ് സെക്രട്ടറി അന്‍വാറുല്‍ ഇസ്‌ലാം പറഞ്ഞു. ബലാത്സംഗ കേസുകളില്‍ പെട്ടെന്ന് തന്നെ വിചാരണ നടത്താമെന്ന നിര്‍ദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം ബലാത്സംഗ കേസുകളില്‍ പരമാവധി ശിക്ഷ ജീവപര്യന്തമാണെങ്കിലും ഇര കൊല്ലപ്പെടുകയാണെങ്കില്‍ വധശിക്ഷ നല്‍കാമെന്നാണ് പുതിയ നിയമം.
പ്രസിഡന്റ് ഓര്‍ഡിനന്‍സ് ചൊവ്വാഴ്ച പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിയമമന്ത്രി അനിസുല്‍ ഹുക്ക് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായുള്ള ലൈംഗിക അതിക്രമങ്ങളില്‍ ധാക്കയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. ബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചതായി പ്രാദേശിക മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നുണ്ട്. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ കൂട്ടബലാത്സംഗങ്ങള്‍ ഉള്‍പ്പെടെ രാജ്യത്ത് 889 ബലാത്സംഗ കേസുകളാണ് നടന്നിട്ടുള്ളത്. ഇതില്‍ 41 ഇരകള്‍ കൊല്ലപ്പെട്ടുവെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.