X

ബംഗളൂരുവില്‍ കോടികളുടെ നോട്ടു വേട്ട; അഞ്ചു കോടിയും പുതിയ 2000 നോട്ടുകള്‍

ബംഗളൂരു: ആദായ നികുതി വകുപ്പ് ബംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കോടിയുടെ പുതിയ 2000രൂപ നോട്ടുകള്‍ കണ്ടെത്തി. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യേഗസ്ഥരില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തത്. ഇവരില്‍ നിന്നും ആദായ നികുതി വകുപ്പ് പിടികൂടിയ കണക്കില്‍പെടാത്ത ആറു കോടിയുടെ നോട്ടുകളില്‍ ഇത്രയധികം പുതിയ 2000 നോട്ടുകള്‍ കണ്ടെത്തിയത് ദുരൂഹത നിലനില്‍ക്കുന്നുണ്ട്.

ബുധനാഴ്ച എന്‍ഫോഴ്സ്മെന്റ് വകുപ്പ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ബംഗളൂരിലെ പരിശോധന.
പിടിയിലായ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ തല്‍ക്കാലം പുറത്ത് വിടാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മോദി സര്‍ക്കാറിന്റെ നോട്ടു പിന്‍വലിക്കല്‍ നടപടിയില്‍ രാജ്യം നോട്ടിനായി നെട്ടോട്ടം തിരിയുമ്പോള്‍ പ്രമുഖ നഗരങ്ങളിലെ നോട്ടുവേട്ട ആശങ്കയുളവാക്കുന്നുണ്ട്. പുതിയ നോട്ടുകള്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവമെന്നതും പ്രത്യേകതയാണ്.

അതേസമയം, ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുള്ള സാഹചര്യത്തില്‍ ഇത്രയും പുതിയ നോട്ടുകള്‍ പിടിക്കപ്പെട്ടവരുടെ കയ്യില്‍ എങ്ങനെ എത്തിയെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ആദായനികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതിനിടെ വിവിധ വീടുകളില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കിലോയോളം സ്വര്‍ണവും ആറ് കിലോയുടെ ആഭരണങ്ങളും കണ്ടെത്തി. ആഡംബര കാറായ ലംബോര്‍ഗിനിയടക്കം നിരവധി വാഹനങ്ങളും റെയ്ഡില്‍ പിടികൂടിയിട്ടുണ്ട്

chandrika: