ബെംഗളൂരു: ബെംഗളൂരു-മൈസുരു അതിവേഗ പാതയില്‍ യാത്രക്കാരുടെ പോക്കറ്റ് ചോരും. ശ്രീരംഗപട്ടണയ്ക്കു സമീപം ഗണങ്കൂരില്‍ കൂടി ടോള്‍ ബൂത്ത് നിലവില്‍ വന്നതോടെ അതിവേഗ പാതയിലെ യാത്രയ്ക്ക് ചെലവേറുകയാണ്. ബിഡദിയിലെ കണിമെണികെയിലും ഗണങ്കൂരിലുമായി ടോള്‍ ഇനത്തില്‍ വിവിധ വാഹനങ്ങള്‍ 370 രൂപ മുതല്‍ 2570 രൂപ വരെയാണ് നല്‍കേണ്ടത്. വടക്കന്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്കും ഇരുട്ടടിയാണ് രണ്ടാമത്തെ ടോള്‍ ബൂത്ത് തുറന്നത്. 90 മിനുട്ട് കൊണ്ട് മൈസൂരുവിലും ബെംഗളൂരുവിലും എത്താന്‍ സാധിക്കുമെന്നതിനാല്‍ അതിവേഗ പാതയെ ആശ്രയിക്കുന്നവരില്‍ കൂടുതലും മലയാളികളാണ്. ബിഡദിയില്‍ നല്‍കേണ്ട ടോള്‍ നിരക്ക് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ദേശീയ പാത അതോറിറ്റി 23 ശതമാനയായി വര്‍ധിപ്പിച്ചിരുന്നു. അതിനെതിരെ പാതയില്‍ സമരം നടന്നുവരവെയാണ് രണ്ടാമത്തെ ടോള്‍ ബൂത്ത് തുറന്ന് പിരിവ് തുടങ്ങിയത്. കാര്‍ ,ജീപ്പ് , വാന്‍ തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് ബിഡദിയില്‍ 165 രൂപയും ശ്രീരംഗപട്ടണയില്‍ 155 രൂപയും നല്‍കണം.
ഈ വക വാഹനങ്ങളില്‍ വരുന്ന യാത്രക്കാരില്‍ നിന്ന് ആകെ 320 രൂപയാണ് ഒരു തവണ ഈടാക്കുക. മിനി ബസുകള്‍, ചെറിയ ചരക്ക് വാഹനങ്ങള്‍ എന്നിവ 505 രൂപ നല്‍കണം. ശ്രീരംഗപട്ടണയില്‍ 235 രൂപയും ബിഡദിയില്‍ 270 രൂപയും ചേര്‍ത്തുള്ള കണക്കാണിത്. മടക്കയാത്ര കൂടി ഉണ്ടെങ്കില്‍ ടോളിനായി ആയിരം രൂപയുടെ അടുത്ത് മാറ്റിവെക്കേണ്ടി വരും.
രണ്ടു ആക്‌സില്‍ ഉളള വാഹനങ്ങള്‍ 1,090 രൂപയും മൂന്നു ആക്‌സിലുള്ളവ 1,190 രൂപയും നാല് മുതല്‍ ആറ് ആക്‌സിലുള്ളവ 1,710 രൂപയും ഒറ്റ യാത്രയ്ക്ക് ടോള്‍ നല്‍കണം. മടക്കയാത്ര ഉണ്ടെങ്കില്‍ ടോള്‍ നിരക്ക് യഥാക്രമം 1640 , 1785 , 2570 എന്നിങ്ങനെ ആകും. പുതുതായി ആരംഭിച്ച ഗണങ്കൂരിലെ രണ്ടാമത്തെ ടോള്‍ ബൂത്തില്‍ സാങ്കേതികപ്പിഴവും പ്രശ്‌നങ്ങളും കാരണം നിരവധി വാഹനങ്ങള്‍ക്ക് ഇന്നലെ കേടുപാടുകള്‍ പറ്റി.
നിരവധി വാഹനങ്ങള്‍ ടോള്‍ ബൂത്തില്‍ കുടുങ്ങിയതോടെ അതിവേഗപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഫാസ്റ്റാഗ് സംവിധാനം പ്രവര്‍ത്തിക്കാതായതോടെ ടോള്‍ ജീവനക്കാര്‍ നേരിട്ട് പണം സ്വീകരിച്ചുതുടങ്ങി. എന്നാല്‍ ഫാസ്റ്റാഗിനേക്കാള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക് തര്‍ക്കമായി. സാങ്കേതിക പ്രശ്‌നം പരിഹരിക്കേണ്ടത് ദേശീയപാത അതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്നിരിക്കെ യാത്രക്കാരെ പിഴിയാനുള്ള അവസരമായി ഇതിനെ കാണുകയാണ് ജീവനക്കാര്‍ ചെയ്തതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.