ബെംഗളൂരു: ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളുരു- മൈസുരു എക്‌സ്പ്രസ് വേക്കെതിരെ പ്രതിഷേധവുമായി കര്‍ഷകരും പ്രദേശവാസികളും. നഷ്ടപരിഹാരം നല്‍കാതെയും പണി പൂര്‍ത്തീകരിക്കാതെയും ഉദ്ഘാടനം നടത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഹൈവേ ധൃതിപ്പെട്ട് ഉദ്ഘാടനം ചെയ്തതെന്നും ഇതിനെതിരെ സമരം തുടരുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
റോഡിന് സ്ഥലം വിട്ട് നല്‍കിയ 99% കര്‍ഷകരും ആ റോഡിലൂടെ സഞ്ചരിക്കുന്നവരല്ല. വിളകള്‍ പ്രധാന റോഡിലെത്തിക്കാന്‍ നല്ല റോഡ് വേണം. മൈസുരു, മാണ്ഡ്യ മേഖലകളിലെ 99% സാധാരണക്കാരും എക്‌സ്പ്രസ് വേ ഉപയോഗിക്കുന്നവരല്ല. ഒരു ശതമാനം ആളുകള്‍ക്ക് വേണ്ടിയാണോ ഇവിടെ സൗകര്യം ഒരുക്കുകയെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു. കഴിഞ്ഞ ആഗസ്തിലെ പ്രളയകാലത്ത് ബെംഗളുരു- മൈസുരു എക്‌സ്പ്രസ് വേയില്‍ വെള്ളം കയറിയിരുന്നു. അടിപ്പാതകളിലടക്കം വെള്ളം ഉയരാതിരിക്കാന്‍ വേണ്ട നടപടികളൊന്നും ദേശീയ പാതാ അതോറിറ്റി ഇപ്പോഴും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
രാമനഗര, ചന്നപട്ടണ, മാണ്ഡ്യ, മധൂര്‍, ശ്രീരംഗപട്ടണ എന്നീ പ്രധാന നഗരങ്ങളിലേക്കുള്ള വഴികളും സര്‍വീസ് റോഡുകളും ഇപ്പോഴും മോശം സ്ഥിതിയിലാണ്. അടിപ്പാതകളില്‍ മഴക്കാലമായാല്‍ വെള്ളം കയറും. പലയിടത്തും ടാറിങ് പോലും പൂര്‍ത്തിയായിട്ടില്ല. ഇതിനെല്ലാമിടയിലാണ് ദേശീയപാതയില്‍ ടോള്‍ പിരിക്കാന്‍ തീരുമാനിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.
കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് മാണ്ഡ്യ. പച്ചക്കറികളും കരിമ്പും നെല്ലുമടക്കം കൃഷി ചെയ്താണ് ഇവര്‍ ഉപജീവനം നടത്തുന്നത്. സര്‍വീസ് റോഡുകള്‍ നിര്‍മിക്കാതെ ഇവ എങ്ങനെ മാര്‍ക്കറ്റിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിക്കുമെന്ന ആശങ്കയിലാണ് ഇവര്‍. വന്‍ തോതിലുള്ള ടോള്‍ നിരക്കും താങ്ങാനാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു.