X

ഏഷ്യ നേടാന്‍ നമ്മുടെ സ്വന്തം ബംഗ്ലൂരു

ദോഹ: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ബംഗളൂരു എഫ്.സി ഇന്നിറങ്ങുന്നത് ചരിത്രത്തിലേക്ക്. ഇറാഖി എയര്‍ഫോഴ്‌സ് ക്ലബ്ബാണ് ബംഗളൂരു എഫ്.സിയുടെ എതിരാളി. വിജയികള്‍ക്ക് 10 ലക്ഷം ഡോളറും റണ്ണേഴ്‌സിന് 50,000 ഡോളറുമാണ് സമ്മാനമായി ലഭിക്കുക. വിജയിക്കാനാവുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പറഞ്ഞു. രാജ്യവും ക്ലബ്ബും തങ്ങളെ ഉറ്റു നോക്കുകയാണെന്നും ഇനി കപ്പില്ലാതെ തിരിച്ചു പോക്കില്ലെന്നും ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോറര്‍ പറഞ്ഞു.

മലയാളികളായ സി.കെ വിനീതും റിനോ ആന്റണിയും ടീമില്‍ കളിക്കുന്നുണ്ട്. ഫൈനലിലേക്കുള്ള പാതിയില്‍ ടീമിന്റെ വഴിയൊരുക്കിയ ഇരുവരും അന്തിമ ഇലവനില്‍ കളിക്കും. രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് ഫൈനലില്‍ ഇല്ലെന്നത് ടീമിന് ക്ഷീണമാണെങ്കിലും ലാല്‍തും മാവിയ റാള്‍ട്ടെയായിരിക്കും പകരക്കാരന്‍. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ടീം എ.എഫ്.സി കപ്പിന്റെ ഫൈനലില്‍ എത്തുന്നത്. നേരത്തെ 2008ല്‍ ഡെംപോ ഗോവയും 2013ല്‍ ഈസ്റ്റ് ബംഗാളും സെമിഫൈനലില്‍ എത്തിയതാണ് ഇതിനു മുമ്പുള്ള റെക്കോര്‍ഡ്. ഇന്ത്യന്‍ സമയം രാത്രി 9-15 നണ് മത്സരം.

 

മലേഷ്യന്‍ ക്ലബ്ബ് ജെ.ഡി.ടി എഫ്.സിയെ ഇരു പാദങ്ങളിലായി 4-2ന് പരാജയപ്പെടുത്തിയാണ് ബംഗളൂരു എഫ്.സി ഫൈനലിലെത്തിയത്. ഇറാഖ് എയര്‍ഫോഴ്‌സ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് എന്ന നിലയിലാണ് ദോഹയെ തെരഞ്ഞെടുത്തത്. ഇറാഖിലെ നിലവിലെ സാഹചര്യം പരിഗണിച്ചാണ് മത്സരം ദോഹയിലാക്കിയത്. ഇറാഖിലെ ആദ്യ ഫുട്‌ബോള്‍ ക്ലബ്ബാണ് 1931ല്‍ സ്ഥാപിതമായ അല്‍ ഖുവ അല്‍ ജാവിയ എന്ന എയര്‍ഫോഴ്‌സ് ക്ലബ്ബ്. ഇറാഖ് എഫ്.എ. കപ്പിലും ഇറാഖി പ്രീമിയര്‍ ലീഗിലും ടീം പലതവണ ജേതാക്കളായിട്ടുണ്ട്. മധ്യനിരതാരം ഹെയ്താം ഖാദിമാണ് ടീമിന്റെ നായകന്‍. ഇറാഖ് ദേശീയ താരം സമീര്‍ ഖാദിം ഹസനാണ് ടീമിന്റെ പരിശീലകന്‍.

chandrika: