X

ബംഗാളി നടിയുടെ വെളിപ്പെടുത്തൽ: ‘ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പുറത്താക്കണം’:  പി.കെ ഫിറോസ്

കോഴിക്കോട്: പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ തന്നോട് മോശമായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയതിനാൽ സംവിധായകൻ രഞ്ജിത്തിനെ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മീഷൻ്റെ റിപ്പോർട്ട് വന്ന സമയത്തുള്ള ഈ വെളിപ്പെടുത്തൽ ഏറെ ഗൗരവമുള്ളതാണ്. ജസ്റ്റിസ് ഹേമ കമ്മീഷൻ്റെ റിപ്പോർട്ട് പുറത്ത് വിടാതെ വർഷങ്ങളായി പിടിച്ച് വെച്ച സർക്കാറിൻ്റെ നടപടിയിൽ ദുരൂഹത ഉണ്ടായിരുന്നു. സർക്കാറിനും പാർട്ടിക്കും വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണ് റിപ്പോർട്ട് മരവിപ്പിച്ച് വെച്ചതെന്നും ഫിറോസ് ആരോപിച്ചു. സ്ത്രീ സുരക്ഷക്കായി നില കൊള്ളുന്നുവെന്ന് പറയുന്ന പിണറായി സർക്കാറിൻ്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നതാണ് ഹേമ കമ്മറ്റി റിപ്പോർട്ട് പൂഴ്ത്തിവെപ്പിലൂടെ പുറത്ത് വന്നത്.

പ്രമുഖരുടെ ഇടപെടലുകൾ വിവരിക്കുന്ന പ്രധാന ഭാഗങ്ങൾ റിപ്പോർട്ടിൽ നിന്നും മന:പൂർവം വെട്ടിമാറ്റിയത് ആർക്ക് വേണ്ടിയാണെന്നും പി.കെ ഫിറോസ് ചോദിച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും പി.കെ ഫിറോസ് കൂട്ടിച്ചേർത്തു.

webdesk14: