X

മുസ്‌ലിംകള്‍ അക്രമം തടയാനാണ് ശ്രമിച്ചത്, പ്രശ്‌നമുണ്ടാക്കിയത് പുറത്ത് നിന്ന് വന്നവര്‍; ബംഗാള്‍ കലാപത്തെക്കുറിച്ച് ജനങ്ങള്‍

കൊല്‍ക്കത്ത: പുറത്തു നിന്നും വന്നവരാണ് അക്രമം അഴിച്ചുവിട്ടതെന്ന് പശ്ചിമബംഗാളിലെ കലാപബാധിത മേഖലയിലെ ജനങ്ങള്‍. ‘പ്രദേശത്തെ മുസ്‌ലിംകള്‍ അക്രമം തടയാനാണ് ശ്രമിച്ചത്. മോട്ടോര്‍സൈക്കിളില്‍ എത്തിയ ചിലരാണ് അക്രമം നടത്തിയത്. എത്രപേര്‍ വന്നുവെന്നത് അറിയില്ല. അവര്‍ വരുന്നതു കണ്ടപ്പോഴേ ഞങ്ങളില്‍ പലരും അകത്തേക്ക് ഓടി’, ഗ്രാമവാസികളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബംഗാള്‍ കലാപത്തിനു പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് നേരത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിരുന്നു.
ബസിര്‍ഹത്, ബദൂരിയ, ദേഗാങ്ക എന്നിങ്ങനെ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളെയാണ് കലാപം കാര്യമായി ബാധിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് പ്രദേശത്ത് അരക്ഷിതാവസ്ഥക്കു കാരണമായത്. ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഇയാളുടെ സിം കാര്‍ഡ് കാണാതെ പോയിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
പുറത്തു നിന്ന് വന്ന അക്രമികള്‍ വിദ്യാര്‍ത്ഥിയുടെ വീടിനു മുന്നില്‍ തീയിട്ടിരുന്നു. അക്രമികള്‍ പോയ ശേഷം സമീപത്തെ പള്ളിയില്‍ നിന്നുമെത്തിയ മുസ്‌ലിംകളടക്കമുള്ളവരാണ് തീ അണച്ചതെന്ന് ഗ്രാമീണര്‍ പറയുന്നു. കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചതും മുസ്‌ലിം സഹോദരങ്ങളായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. അക്രമികള്‍ സാഹോദര്യത്തോടെ കഴിയുന്ന തങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും എന്നാല്‍ അത് സാധിച്ചില്ലെന്നും ഷാജഹാന്‍ മൊണ്ടാലിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ‘ഈ വര്‍ഗീയ സംഘര്‍ഷം ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങള്‍ ആഘോഷവേളകളില്‍ അവരുടെ വീടുകളില്‍ പോകാറുണ്ട്. ദുര്‍ഗപൂജക്ക് അവര്‍ ഞങ്ങളുടെ വീടുകളിലും വരും. വര്‍ഷങ്ങളായി ഇവിടെ ഇങ്ങനെയാണ് ഞങ്ങള്‍ ജീവിക്കുന്നത്’, പ്രദേശവാസിയായ ജിബണ്‍ ഹാല്‍ദര്‍ പറഞ്ഞു.

chandrika: