X
    Categories: CultureNewsViews

രണ്ടുതവണ വിളിച്ചിട്ടും മമത ഫോണെടുത്തില്ലെന്ന് മോദി, കളവെന്ന് ബംഗാൾ സർക്കാർ

കൊൽക്കത്ത: രണ്ടുതവണ താൻ വിളിച്ചിട്ടും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സംസാരിക്കാൻ തയ്യാറായില്ലെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി. ബംഗാളിലെ തംലൂക് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളി വന്നിട്ടില്ലെന്ന് മമതാ ബാനർജിയുടെ ഓഫീസ് പ്രതികരിച്ചു.

‘ഫാനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ ചർച്ച ചെയ്യാനായി മമതാ ബാനർജിയെ രണ്ടുതവണ വിളിച്ചു. പക്ഷേ, അവർ സംസാരിക്കാൻ തയ്യാറായില്ല.’ മോദി പറഞ്ഞു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ഒന്നിച്ചിരിക്കാൻ വേണ്ടിയാണ് താൻ മമതയെ വിളിച്ചതെന്നും മോദി കൂട്ടിച്ചേർത്തു. ‘സ്പീഡ് ബ്രേക്കർ ദിദിക്ക് രാഷ്ട്രീയത്തിൽ മാത്രമേ താൽപര്യമുള്ളൂ…’ മോദി പരിഹസിച്ചു.

ഫാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മോദി ബംഗാൾ ഗവർണർ കേസരി നാഥ് തൃപാഠിയുമായി സംസാരിച്ചത് വിവാദമായിരുന്നു. മമതാ ബാനർജിയെ വിളിക്കാതെ ഗവർണറെ വിളിച്ചത് ഫെഡറൽ സംവിധാനങ്ങൾ തകർക്കാനുള്ള നീക്കമാണെന്നും ഒരു ബി.ജെ.പി നേതാവായാണ് മോദി പെരുമാറുന്നതെന്നും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജി ആരോപിച്ചിരുന്നു. മോദി ഗവർണറെ വിളിച്ച സംഭവം വിവാദമായതോടെയാണ് മമതയെ വിളിച്ചിരുന്നു എന്ന് മോദി അവകാശപ്പെട്ടത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: