ന്യൂഡല്‍ഹി: ബംഗാള്‍ സര്‍ക്കാറിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീംകോടതി. എന്താണ് ഇത്ര തിടുക്കമെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഹര്‍ജി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കി. ചിട്ടി തട്ടിപ്പു കേസുകളിലെ ‘അന്വേഷണം തടസപ്പെടുത്തുന്ന’ ബംഗാള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സി.ബി.ഐ വാദം. അന്വേഷണവുമായി സഹകരിക്കാന്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനോട് നിര്‍ദേശിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.
എന്നാല്‍ തങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെയായിരുന്നു സി.ബി.ഐയുടെ നടപടിയെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് സി.ബി.ഐയെ ഏല്‍പിക്കാന്‍ 2014 മേയ് 9 ന് സുപ്രീംകോടതി ഉത്തരവിട്ടതാണ്. എന്നാല്‍, അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലല്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ നടപടികള്‍ക്കു മുമ്പ് സി.ബി.ഐ തങ്ങളോട് ചോദിക്കണമായിരുന്നു. സി.ബി.ഐയും കേന്ദ്രസര്‍ക്കാറും രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും ബംഗാള്‍ സര്‍ക്കാറിന് വേണ്ടി ഹാജറായ മനു അഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചു.