സാമ്പത്തിക പ്രാരാബ്ധങ്ങളായിരുന്നു ബല്‍റാം മണ്ഡലിനേയും ഭാര്യ കല്യാണി മണ്ഡലിനേയും ഉയര്‍ന്ന പഠനത്തിന് വിലക്കിയിരുന്ന കാരണം. പിന്നീട് മകന്‍ വളര്‍ന്നുവലുതായി പ്ലസ്ടുവിലെത്തിയപ്പോള്‍ ആ അച്ഛനുമമ്മക്കും മകനൊപ്പം പ്ലസ്ടു പരീക്ഷ എഴുതിയാലോ എന്നുള്ള ആഗ്രഹം ജനിക്കുകയായിരുന്നു. അങ്ങനെ കുടുംബമൊന്നാകെ പ്ലസ്ടു പരീക്ഷ എഴുതിയപ്പോള്‍ അമ്മയും മകനും വിജയിച്ചു. അച്ഛന് തോല്‍വി ഏല്‍ക്കേണ്ടി വന്നു. ഉത്തര്‍പ്രദേശിലെ ഒരു ഉള്‍ഗ്രാമത്തിലാണ് സംഭവം.
42-കാരനായ ബല്‍റാം മണ്ഡല്‍ ഒമ്പതാം ക്ലാസുവരേയും ഭാര്യ കല്യാണി എട്ടാം ക്ലാസുവരേയും മാത്രമേ പഠിച്ചിട്ടുള്ളൂ. തുടര്‍ പഠനത്തിന് ആഗ്രഹമുണ്ടായിരുന്നിട്ടും സാമ്പത്തിക ബാധ്യതകള്‍ അവര്‍ക്ക് വില്ലനായി. എന്നാല്‍ വിവാഹത്തിനുശേഷവും ഉന്നത പഠനത്തിന് ആഗ്രഹം ആ ദമ്പതികള്‍ക്കുണ്ടായി. തുടര്‍ന്ന് ഓപ്പണ്‍ സ്‌കൂള്‍ വഴി പ്ലസ്ടു പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുകയായിരുന്നു. 2013-ല്‍ ഇരുവരും പത്താംക്ലാസ് പരീക്ഷയെഴുതി വിജയിച്ചിരുന്നു.
സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം കൊണ്ട് ബഹിര്‍ഗച്ചി സ്‌കൂളില്‍ ചേര്‍ന്ന് പഠിച്ച ഇവര്‍ മകനൊപ്പമായിരുന്നു പഠനം. സുഹൃത്തുക്കള്‍ക്കൊപ്പം പരസ്പരം പുസ്തകങ്ങള്‍ കൈമാറിയാണ് ഇവര്‍ പഠിച്ചിരുന്നതെന്ന് മകന്‍ ബിപ്‌ലാബ് മണ്ഡല്‍ പറയുന്നു. പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ബിപ്‌ലാബിന് 50 ശതമാനം മാര്‍ക്കും കല്യാണിക്ക് 45 ശതമാനം മാര്‍ക്കും നേടാനായി. എന്നാല്‍ ബല്‍റാം തോല്‍ക്കുകയാണുണ്ടായത്. അച്ഛന്റെ പരീക്ഷാഫലം പുന:പരിശോധിക്കാന്‍ ഒരുങ്ങുകയാണെന്ന് ബിപ്‌ലാബ് പറയുന്നു. ഫലത്തില്‍ മാറ്റമില്ലെങ്കില്‍ വീണ്ടും പരീക്ഷ എഴുതാന്‍ തയ്യാറാണെന്ന് കര്‍ഷകനായ ബല്‍റാം പറഞ്ഞു.