കോഴിക്കോട്: കേരളത്തിന്റെ സാമൂഹ്യഘടനയെയും മതസൗഹാര്‍ദ്ദത്തെയും മോശമായ് ചിത്രീകരിച്ച സംഘപരിവാര്‍ സിനിമ ‘ദ കേരള സ്‌റ്റോറി’യ്‌ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച മൃദുസമീപനം സിപിഎം അണികളിലും വിമര്‍ശനത്തിന് ഇടയാക്കുന്നു. മതേതര സമൂഹത്തെ വിഘടിപ്പിക്കാനും ന്യൂനപക്ഷ സമൂഹത്തെ ആക്ഷേപിക്കാനും ശ്രമിച്ച സിനിമ പശ്ചിമബംഗാള്‍, തമിഴ്‌നാട് സര്‍ക്കാറുകള്‍ നിരോധിച്ചപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നിരോധിച്ചില്ലെന്ന് മാത്രമല്ല, സൗകര്യപ്രദമായ് പ്രദര്‍ശിപ്പിക്കാന്‍ പൊലീസ് സംരക്ഷണവും ഒരുക്കി നല്‍കി.
ഒരു സമുദായത്തെ അധിക്ഷേപിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മമതാ ബാനര്‍ജി സര്‍ക്കാര്‍ സിനിമ നിരോധിച്ചത്. കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു എന്ന് പറഞ്ഞാണ് എം.കെ സ്റ്റാലിന്‍ സര്‍ക്കാറും സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. എന്നാല്‍ സ്വന്തം സംസ്ഥാനത്തെ വികൃതമായ് അവതരിപ്പിച്ചിട്ടും ബിജെപിയെ ഭയപ്പെട്ട് സിനിമ നിരോധിക്കാനോ ശക്തമായ നിലപാട് സ്വീകരിക്കാനോ പിണറായി വിജയന്‍ തയ്യാറായില്ല. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ വിഭാഗീയ രാഷ്ട്രീയം പയറ്റുന്ന സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ആഹ്ലാദം പകരുകയാണ്.