X

വിദ്വേഷ കാലത്തെ നന്മകള്‍ – പി ഇസ്മായില്‍ വയനാട്‌

പി ഇസ്മായില്‍ വയനാട്‌

ശ്രീരാമ നവമി ആഘോഷങ്ങളുടെ മറവില്‍ ഞെട്ടിപ്പിക്കുന്ന അക്രമപരമ്പരകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ബീഹാര്‍, ഗോവ, കര്‍ണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന രാമനവമി ആഘോഷ പരിപാടികളാണ് ന്യൂനപക്ഷ വേട്ടയുടെ ആഘോഷമായിമാറിയത്. ഗുജറാത്തില്‍ ആനന്ദ് ജില്ലയിലെ ഖംഭാട്ടിലും ജാര്‍ഖണ്ഡിലെ ലോഹര്‍ ഭാഗയിലും വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ട് ജീവനുകള്‍ പൊലിയും വിധമുള്ള അക്രമങ്ങളാണ് നടമാടിയത്. ജയ്ശ്രീറാം മുദ്രാവാക്യമുയര്‍ത്തി മുസ്‌ലിം പള്ളികള്‍ അക്രമിക്കുകയും മിനാരങ്ങളില്‍ കാവിക്കൊടി നാട്ടുകയും കടകളും കുടിലുകളും അഗ്‌നിക്കിരയാക്കിയും നോമ്പുതുറയും തറാവീഹ് നമസ്‌കാരങ്ങള്‍ തടസ്സപെടുത്തിയുമാണ് അക്രമികള്‍ അഴിഞാടിയത്. മുസ്‌ലിംകള്‍ തിങ്ങി താമസിക്കുന്ന സ്ഥലം കലാപകേന്ദ്രമാണെന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശില്‍ ഭരണകൂടം ബുള്‍ഡോസറുകള്‍ പായിച്ചാണ് കുടിലുകളും കെട്ടിടങ്ങളും തകര്‍ത്തത്. ബംഗാളില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും വനിതാവിഭാഗം അധ്യക്ഷ ലോക്കറ്റ് ചാറ്റര്‍ജിയും വരെ ആയുധ റാലിക്ക് നേതൃത്വം നല്‍കുകയുണ്ടായി. 1960 മുതല്‍ രാമനവമി, വിജയദശമി തുടങ്ങിയ വിശേഷ ദിവസങ്ങള്‍ ന്യൂനപക്ഷ വേട്ടക്കായി ഉപയോഗപ്പെടുത്തുന്ന സംഘ്പരിവാരിന്റെ ഹിന്ദുത്വ രാഷ്ട്രീയമാണ് അക്രമങ്ങളില്‍ പ്രകടമായത്.

ബുള്‍ഡോസറിന്റെയും ത്രിശൂലത്തിന്റെയും ബോംബിന്റെയും ഭാഷ സംസാരിക്കുന്ന ഹിംസാത്മക ഹിന്ദുത്വത്തെ പാടെ നിരാകരിക്കുന്ന നന്മനിറഞ്ഞ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം ശ്രവിച്ചത്. ഈദ് ഗാഹിനായി 1.2 കോടി രൂപ വിലമതിക്കുന്ന 2.1 ഏക്കര്‍ ഭൂമി വിട്ടു നല്‍കി അച്ഛന്റെ ആഗ്രഹം നടപ്പിലാക്കിയ ഹൈന്ദവ സഹോദരിമാരായ അനിതയും സരോജവുമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഉത്തരാഖാണ്ഡിലെ ഉധംസിംഗ്‌നഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. അച്ഛന്‍ ലാലാ ബ്രിജ്‌നന്ദന്‍ റസ്‌തോഗി മുസ്‌ലിംകള്‍ക്ക് ഭൂമി വിട്ടുകൊടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച കാര്യം കുടുംബാഗങ്ങളില്‍ നിന്നുമാണ് മക്കള്‍ അറിഞ്ഞത്. ഇരുപത് വര്‍ഷം മുമ്പ് മരണമടഞ്ഞ അച്ഛന്റെ ആഗ്രഹ സഫലീകരണമാണ് ഭൂമി ദാനത്തിലൂടെ മക്കള്‍ സാക്ഷാത്കരിച്ചത്. കര്‍ണാടകയിലെ ഹൊസക്കോട്ടെ തെഹസിലുള്ള ഹനുമാന്‍ ക്ഷേത്ര നവീകരണത്തിനായി ഭൂമി ആവശ്യപ്പെട്ട സമയം 80 ലക്ഷം രൂപ വില വരുന്ന ഭൂമി സൗജന്യമായി വിട്ടുനല്‍കിയ മുസ്‌ലിം വ്യാപാരി എച്ച്.എം.ജി ഭാഷയുടെ ഭൂമിദാനവും കാലം പുനര്‍ വായന ആവശ്യപെടുകയാണ്.

പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളികള്‍ തുടര്‍ന്നാല്‍ പൊതു സ്ഥലങ്ങളില്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണി സൗജന്യമായി വിതരണം നടത്തുമെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് മോഹിത് കംബോജ് കഴിഞ്ഞ വാരത്തിലാണ് പ്രസ്താവന നടത്തിയത്. ക്ഷേത്രങ്ങളില്‍ സ്ഥാപിക്കാന്‍ ഉച്ചഭാഷിണി ആവശ്യമുള്ള ആര്‍ക്കും സൗജന്യമായി ചോദിക്കാം. എല്ലാ ഹിന്ദുക്കള്‍ക്കും ഒരേ ശബ്ദം ജയ്ശ്രീറാം ഹര്‍ഹര്‍ മഹാദേവ് എന്നു കൂടി മോഹിത് ട്വീറ്റ് ചെയ്തിരുന്നു. ഒരു മുസ്‌ലിം പോലും ആള്‍താമസമില്ലാത്ത കെല്‍വാദ് ഗ്രാമത്തിലെ ഹൈന്ദവര്‍ പിരിവെടുത്ത് പള്ളിയിലേക്ക് ഉച്ചഭാഷിണി വാങ്ങി കൊടുത്താണ് ആര്‍.എസ്.എസിന്റെ ആസ്ഥാനമായ നാഗ്പൂരില്‍ മതവര്‍ഗീയ പ്രചാരണത്തെ തിരസ്‌ക്കരിച്ചത്. തങ്ങളുടെ നാട്ടില്‍ പള്ളി ഇല്ലാത്തതിനാല്‍ ആറു കിലോമീറ്ററപ്പുറമുള്ള കിന്‍ ഹോല പള്ളി ഇമാമിനാണ് പെരുന്നാള്‍ ദിനത്തില്‍ ഉച്ചഭാഷിണി കൈമാറിയത്. രാഷ്ട്രീയക്കാര്‍ വോട്ടുകള്‍ നേടാന്‍ ധ്രുവീകരണം നടത്തുമ്പോള്‍ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കേണ്ടത് അനിവാര്യമാണെന്നും അതുകൊണ്ടാണ് ഉച്ചഭാഷിണി വാങ്ങിയെതെന്നും ഗണേഷ്‌നിഗത്തിന്റെ ചിന്തയെയാണ് വര്‍ത്തമാന ഇന്ത്യ തേടുന്നത്. ഹിജാബ് ഊരാനും ജയ്ശ്രീറാം വിളിപ്പിക്കാനുംഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനും തീവ്ര ഹിന്ദുത്വവാദികള്‍ ആക്രോശിക്കുന്ന കെട്ട കാലത്ത് യഥാര്‍ഥ മത വിശ്വാസികളുടെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളെ ആഘോഷിക്കേണ്ടതുണ്ട്.

മതസഹവര്‍ത്തിത്വവും സഹിഷ്ണതയും ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വം അംഗീകരിക്കുന്നില്ല. പള്ളി പൊളിച്ചു കൊണ്ടുള്ള ക്ഷേത്ര നിര്‍മാണത്തെ കുറിച്ചു മാത്രമാണവര്‍ സംസാരിക്കാറുള്ളത്. സമ്പന്ന വര്‍ഗത്തിന്റെ താല്‍പര്യത്തിനാണ് സംഘ്പരിവാരങ്ങള്‍ ഊന്നല്‍ നല്‍കാറുള്ളത്. ഇന്ധന നികുതി കുത്തനെ കൂട്ടിയും പാചക വാചകത്തിന് അടിക്കടി വില കൂട്ടിയും കാര്‍ഷിക മേഖലയിലെ സബ്‌സിഡികള്‍ ഇല്ലാതിക്കിയും ജനജീവിതം നരകതുല്യമാക്കുമ്പോള്‍ വെന്തുരുകുന്ന സാധാരണക്കാരനായ ഹൈന്ദവനെ കാണാന്‍ കണ്ണില്ലാത്തവര്‍ കൂടിയാണ് ഹിന്ദുത്വ ആശയക്കാര്‍. നികുതി ഇളവുകളിലൂടെ കോടികള്‍ ലാഭം കൊയ്യുന്ന കോടീശ്വരന്‍മാരെ ചേര്‍ത്തുപിടിക്കാനാണ് ഹിന്ദുത്വം വെമ്പല്‍കൊള്ളുന്നത്. അധികാരത്തിലേറാനായി മത ചിഹ്നങ്ങളണിഞ്ഞ മതാധിഷ്ഠിത രാഷ്ട്രം കിനാവു കാണുന്ന കപട മതവിശ്വാസികളുടെ കൂട്ടമായ സംഘ്പരിവാരങ്ങള്‍ക്കെതിരാണ് യഥാര്‍ഥ ഹൈന്ദവ വിശ്വാസികള്‍. ഹിന്ദുത്വം വര്‍ഗീയത വിതക്കുന്നവരും വിദ്വേഷത്തിന്റെ വിളവെടുപ്പുകാരുമാണെങ്കില്‍ ഹൈന്ദവ മതമാവട്ടെ സഹിഷ്ണുതയിലധിഷ്ഠമാണ്.

Test User: