X

ബേനസീര്‍ വധം: ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍ പുസ്തകം

 

ഇസ്്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍ പുസ്തകം. ബേനസീര്‍ കൊല്ലപ്പെട്ട് 10 വര്‍ഷത്തിനുശേഷമാണ് വധത്തില്‍ തങ്ങള്‍ക്കുള്ള പങ്ക് താലിബാന്‍ ഔദ്യോഗികമായി സമ്മതിക്കുന്നത്. മുതിര്‍ന്ന താലിബാന്‍ നേതാവ് അബൂ മന്‍സൂര്‍ ആസിം മുഫ്തി എഴുതിയ ഇന്‍ക്വിലാബ് മെഹ്‌സൂദ് സൗത്ത് വസീറിസ്താന്‍-ഫ്രം ബ്രിട്ടിഷ് രാജ് ടു അമേരിക്കന്‍ ഇംപീരിയലിസം എന്ന പുസ്തകത്തില്‍ ബേനസറീന്റെ വധത്തില്‍ തെഹ്‌രീകെ താലിബാന് പങ്കുള്ളതായി പറയുന്നു. ഞായറാഴ്ചയാണ് പുസ്തകം പുറത്തിറങ്ങിയത്. 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത ശേഷം ജനങ്ങളെ അഭിവാദം ചെയ്തുകൊണ്ടിരിക്കെയാണ് ബേനസീര്‍ ഭൂട്ടോ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബിലാല്‍ എന്ന സഈദും ഇക്രാമുല്ലയുമാണ് ചാവേറുകളായി പ്രവര്‍ത്തിച്ചതെന്ന് പുസ്തകം പറയുന്നു. ബിലാലാണ് ബേനസീറിനെ ആദ്യം വെടിവെച്ചത്. കഴുത്തിനാണ് വെടിയേറ്റത്. തുടര്‍ന്ന് ബിലാല്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇക്രാമുല്ല ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടു. അയാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും പുസ്തകം പറയുന്നു. 588 പേജുള്ള പുസ്തകത്തില്‍ താലിബാന്‍ നേതാക്കളുടെ നിരവധി ഫോട്ടോകളുണ്ട്. ബേനസീറിനെ കൊലപ്പെടുത്തിയത് താലിബാനാണെന്ന് അന്നത്തെ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞിരുന്നു. എന്നാല്‍ അക്കാലത്ത് താലിബാന്‍ അക്കാര്യം നിഷേധിക്കുകയാണുണ്ടായത്.

chandrika: