X

ബിനാമി ബിസ്‌നസ്: സഊദിയില്‍ പൊതുമാപ്പ് അവസാനിച്ചു

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : നിക്ഷേപ രംഗത്തും സഊദി ചരിത്രപരമായ മാറ്റത്തിലേക്ക് പ്രവേശിക്കുന്നു. രാജ്യത്തെ വാണിജ്യ വ്യാപാര രംഗം പൂര്‍ണ്ണമായും നിയമ പരിധികള്‍ക്കുള്ളില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി ബിനാമി ബിസ്‌നസിന് ഇന്നത്തോടെ അറുതിയായി.
സഊദിയില്‍ ബിനാമി ബിസ്‌നസ് നടത്തുന്ന വിദേശികള്‍ക്ക് പദവി ശരിയാക്കാനുള്ള ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പൊതുമാപ്പ് കാലാവധി ഇന്ന് ബുധനാഴ്ച രാത്രി 12 മണിയോടെ അവസാനിക്കുന്നു . ഇരുപത്തി ഏഴായിരത്തോളം സ്ഥാപനങ്ങളാണ് ഇക്കാലയളവില്‍ പദവി ശരിയാക്കാന്‍ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചത്. നാലായിരത്തോളം പേര്‍ക്ക് ഇതിനകം ലൈസന്‍സ് ലഭിച്ചു . ബാക്കിയുള്ളവര്‍ക്ക് മൂന്ന് മാസത്തിനകം ലൈസന്‍സ് ലഭ്യമാക്കുമെന്നാണ് നിക്ഷേപ മന്ത്രാലയം അറിയിച്ചിട്ടുള്ളത് . കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25 ന് നിലവില്‍ വന്ന ബിനാമി ബിസ്‌നസ് വിരുദ്ധ നിയമം നടപ്പിലാക്കിയ ഉടനെ തന്നെ പൊതുമാപ്പും പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 വരെയും രണ്ടാം ഘട്ടം ഇക്കൊല്ലം ഫെബ്രുവരി 16 വരെയുമാണ് പൊതുമാപ്പിന്റെ കാലാവധിയായി പ്രഖ്യാപിച്ചിരുന്നത്.

ഒരു വര്‍ഷത്തെ പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താത്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ബിനാമി വിരുദ്ധ സമിതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് ബിനാമി ഇടപാടുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള കര്‍ശനമായ നടപടികളാണ് വരാനിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പൊതുമാപ്പ് കാലയളവില്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സഊദി വാണിജ്യ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും നടത്തിയിരുന്നത്. പദവികള്‍ ശരിയാക്കുന്നതിന് ഭാഗമായി ഒട്ടേറെ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. പൊതുമാപ്പ് കാലാവധി നീട്ടില്ലെന്നും ആവശ്യമായ സമയം നല്‍കിയെന്നും മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ബിനാമി വിരുദ്ധ സമിതി പ്രസിഡണ്ട് നായിഫ് അല്‍ സായിദി പറഞ്ഞു .

പുതിയ നിയമം അനുസരിച്ച് ബിനാമി ബിസ്‌നസ് നടത്തുന്ന വിദേശികള്‍ക്കും ഇതിന് സഹായിക്കുന്ന സ്വദേശികള്‍ക്കും അഞ്ചു വര്‍ഷം വരെ തടവും അമ്പത് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. നേരത്തെ ഇത് രണ്ട വര്‍ഷവും പത്ത് ലക്ഷം റിയാലുമായിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ലൈസന്‍സ് റദ്ദാക്കാനും കുറ്റക്കാരായ സ്വദേശികള്‍ക്ക് ബിസിനസ് രംഗത്ത് അഞ്ച് വര്‍ഷം വരെ വിലക്കേര്‍പ്പെടുത്താനും പുതിയ ബിനാമി വിരുദ്ധ നിയമത്തില്‍ പറയുന്നു. ബിനാമി നടത്തിയ വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാട് കടത്തുകയും സഊദിയിലേക്ക് പ്രവേശിക്കുന്നത് പൂര്‍ണ്ണമായും വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.

സ്വദേശികളുടെ പേരില്‍ ലൈസന്‍സ് എടുത്ത് വിദേശികള്‍ നടത്തിയ വാണിജ്യ വ്യാപാരങ്ങള്‍ക്കാണ് സഊദി വാണിജ്യ മന്ത്രാലയം ഈ നടപടികളോട് കൂച്ചു വിലങ്ങിട്ടത്. നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ അതിനൂതന സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Test User: