തിരുവനന്തപുരം: പോലീസ് അത്രിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്‍ശിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ. രാഷ്ട്രീയപരമായി അല്ല ഈ വിമര്‍ശനം എന്ന് പറഞ്ഞാണ് ബല്‍റാമിന്റെ പോസ്റ്റ് തുടങ്ങുന്നത്. ദുരഭിമാനം വെടിഞ്ഞ് ആ അമ്മയെ ഒന്നു പോയി നേരില്‍ കാണണമെന്ന് ബല്‍റാ്ം പോസ്റ്റില്‍ ആവശ്യപ്പെടുന്നു. പോലീസ് നടത്തിയ അതിക്രമത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയോട് ക്ഷമാപണം നടത്തണമെന്നും പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മിസ്റ്റര്‍ പിണറായി വിജയന്‍,
ഞാന്‍ നിങ്ങളുടെ പതിവ് വിമര്‍ശകനാണ്.
രാഷ്ട്രീയമായി നിങ്ങളൊന്ന് ക്ഷീണിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നയാളുമാണ്.
എന്നാല്‍ ഇനിപ്പറയുന്നത് അതിന്റെയടിസ്ഥാനത്തില്‍ കാണരുത്, ദയവായി.
നിങ്ങള്‍ ദുരഭിമാനം വെടിഞ്ഞ് ആ അമ്മയെ ഒന്ന് നേരില്‍ പോയി കാണണം.
നിങ്ങളുടെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിന്റെ പേരില്‍ ആ മാതൃഹൃദയത്തോട് ക്ഷമാപണം നടത്തണം. നിങ്ങളെ അളവില്ലാതെ ആരാധിച്ച, നിങ്ങളിലെ പാടിപ്പുകഴ്ത്തപ്പെട്ട ധീരതയില്‍ അതിരില്ലാതെ വിശ്വസിച്ച ഒരു മകന്‍ അവര്‍ക്കുണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റ് അനുഭാവിയായ ആ അമ്മക്ക് ഇപ്പോഴും ചില പ്രതീക്ഷകള്‍ നിങ്ങളില്‍ ബാക്കിയുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ആ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും തകര്‍ന്നാല്‍ അത് പിണറായി വിജയനെന്ന വിഗ്രഹത്തിന്റെ തകര്‍ച്ച മാത്രമായിരിക്കില്ല, നമ്മുടെ ജനാധിപത്യത്തില്‍ ഒരു സാധാരണ വീട്ടമ്മക്ക് അവശേഷിക്കുന്ന പ്രതീക്ഷയുടെ പൂര്‍ണ്ണത്തകര്‍ച്ച ആയിരിക്കും.
ഓര്‍ക്കുക,
നിങ്ങളിപ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്ന്.
ഒന്നുകൂടി ഓര്‍ക്കുക,
നിങ്ങളുടെ ആ പദവി എല്ലാക്കാലത്തേക്കുമുള്ളതല്ല എന്ന്.
അതുകൊണ്ട് മിസ്റ്റര്‍ പിണറായി വിജയന്‍,
ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു,
നിങ്ങള്‍ ആ അമ്മയെ നേരില്‍പ്പോയി കാണണം. നിങ്ങള്‍ക്കറിയാവുന്ന ഏറ്റവും മാന്യമായ ഭാഷയില്‍ ക്ഷമാപണം നടത്തണം.