മലപ്പുറം: എ.കെ.ജി പരാമര്‍ശത്തില്‍ വിശദീകരണവുമായി വി.ടി. ബല്‍റാം എം.എല്‍.എ. എ.കെ.ജിയെ കുറിച്ച് പറയേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് ബല്‍റാം പറഞ്ഞു. പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബല്‍റാം തന്റെ നിലപാട് വ്യക്തമാക്കിയത്.
തനിക്ക് വിവാദവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല. സി.പി.എം മുന്‍കയ്യെടുത്ത് വിവാദം അവസാനിപ്പിക്കണം. അധികമാരും കാണാന്‍ സാധ്യതയില്ലാത്ത കമന്റ് സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിച്ച് ചിലര്‍ വിവാദം സൃഷ്ടിക്കുകയായിരുന്നു. താന്‍ മാപ്പ് പറഞ്ഞേ തീരു എന്നുള്ള സി.പി.എം നിലപാട് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും ബല്‍റാം പറഞ്ഞു.
സി.പി.എമ്മുകാര്‍ക്ക് കോണ്‍ഗ്രസിന്റെ ഏത് നേതാക്കളെക്കുറിച്ചും അസഭ്യം പറയാം. കാരണം പറയുന്നത് സി.പി.എമ്മാണ്. എല്ലാ കാലത്തും സി.പി.എമ്മാണ് ചരിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ബൗദ്ധിക,മാധ്യമ,സാംസ്‌ക്കാരിക രംഗത്ത് അവരുടെ മസ്തിഷ്‌ക പ്രക്ഷാളനമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഒളിവ് ജീവിതത്തിന്റെ വീരഇതിഹാസങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ കാലം കേരളത്തില്‍ കഴിഞ്ഞുവെന്നും കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിലും ബല്‍റാം പറഞ്ഞിരുന്നു. ഒരു നാവ് പിഴുതെടുക്കാന്‍ ശ്രമിച്ചാല്‍ പതിനായിരക്കണക്കിന് നാവുകള്‍ ഉയര്‍ന്ന് വരും. ഫാഷിസ്റ്റ് കാലത്ത് ഫാഷിസ്റ്റുകള്‍ക്ക് പോലും പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യമാണ്. സംഘ്പരിവാറും സി.പി.എമ്മും ഒരേ നാണയത്തിന്റെ ഇരുവശങ്ങളല്ല, ഒരേ വശങ്ങളാണെന്നും ബല്‍റാം അഭിപ്രായപ്പെട്ടു.
ചൈന ഇന്ത്യയെ ആക്രമിക്കുന്ന സമയത്ത് ആ മണ്ണ് നമ്മുടേതാണ് എന്ന് പറയാന്‍ ആര്‍ജവം കാണിക്കാത്ത ചൈന ചാരന്‍മാരായ കമ്യൂണിസ്റ്റുകള്‍ ഇന്നും അതേ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുകയാണെന്നും ബല്‍റാം കുറ്റപ്പെടുത്തി.