X

ചാടിയ വയര്‍ കുറയ്ക്കണോ?; ഈ അഞ്ചു പാനീയങ്ങള്‍ ശീലമാക്കൂ..

അടിവയറ്റിലെ കൊഴുപ്പുരുക്കി ചാടിയ വയര്‍ കുറയ്ക്കാനിതാ അഞ്ചു പാനീയങ്ങള്‍. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഇത്തരം പാനീയങ്ങളെക്കുറിച്ചറിയൂ. ഇവ ഓരോ ദിവസവും മാറി മാറി പരീക്ഷിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഉപകരിക്കും.

ഒരു ടേബിള്‍ സ്പൂണ്‍ ജീരകം രണ്ടു ഗ്ലാസ് വെള്ളത്തില്‍ രാത്രി ഇട്ടു വയ്ക്കുക. രാവിലെ ഇത് തിളപ്പിച്ച് ഒരു ഗ്ലാസാക്കി ഇളം ചൂടോടെ നാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്ത് കുടിയ്ക്കാം. ദഹനവും അപചയ പ്രക്രിയയും ശക്തിപ്പെടുത്തി അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ജീരകത്തിന് കഴിവുണ്ട്. ഇത് ദഹന പ്രക്രിയയെ സഹായിക്കുന്ന പാന്‍ക്രിയാറ്റിക് എന്‍സൈമുകളെ പ്രോത്സാഹിപ്പിക്കുന്നു. ജീരകത്തില്‍ കാണപ്പെടുന്ന തൈമോള്‍ എന്ന സംയുക്തം ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. കൊഴുപ്പ്, പഞ്ചസാര, പ്രോട്ടീന്‍ തുടങ്ങിയ സങ്കീര്‍ണ്ണ പോഷകങ്ങളുടെ വിഘടനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് ദഹന പ്രക്രിയയെ സുഗമമാക്കുന്നു. ദഹനക്കേട്, വയറിളക്കം, ഓക്കാനം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്.

രാത്രി ഉലുവ ഇട്ടു വച്ച വെള്ളം രാവിലെ തിളപ്പിച്ചു കുടിയ്ക്കാം. ഇല്ലെങ്കില്‍ ഈ വെള്ളം കുടിച്ച് ഉലുവ ചവച്ചരച്ചു കഴിയ്ക്കാം. ഇത് തടി കുറയാന്‍ ഏറെ നല്ലതാണെന്നു മാത്രമല്ല, പ്രമേഹ രോഗികള്‍ക്കുള്ള മരുന്നും കൂടിയാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് ഇന്‍സുലിന്‍ പ്രവര്‍ത്തനത്തിലൂടെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഉലുവ ഏറെ നല്ലതാണ്. പ്രമേഹം കാരണം അമിതമായ തടിയുള്ളവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന നല്ലൊരു മരുന്നാണിത്. പ്രമേഹവും തടിയുമെല്ലാം ഒരു പോലെ നിയന്ത്രിയ്ക്കുന്ന ഒന്ന്. ഇത് നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ കുടല്‍ ആരോഗ്യത്തിനും നല്ലതാണ്.

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്ന അയമോദകം മറ്റൊരു മരുന്നാണ്. ഇതിന്റെ പ്രത്യേക ഗന്ധം തന്നെ മരുന്നിന്റെ ഗുണം തരുന്നു. ഇതിട്ട വെള്ളം വെറും വയറ്റില്‍ തിളപ്പിച്ചു കുടിയ്ക്കാം. ഇതല്ലെങ്കില്‍ തലേന്ന് ഇതിട്ടു വച്ച് രാവിലെ ഈ വെള്ളം ഊറ്റിക്കുടിയ്ക്കാം. ഇതിലും തേനും നാരങ്ങാനീരും ചേര്‍ക്കാം. വയറിന്റെ സ്തനംഭനാവസ്ഥ മാററുന്നതിനും നല്ല ശോധനയ്ക്കും കൊഴുപ്പു കത്തിച്ചു കളയുന്നിനുമെല്ലാം തന്നെ ഇതേറെ നല്ലതാണ്.

പെരുഞ്ചീരകം തലേന്ന് വെള്ളത്തില്‍ ഇട്ടു വെച്ച് തിളപ്പിച്ച് തേനും നാരങ്ങാനീരും ചേര്‍ത്ത് വെറും വയറ്റില്‍ കുടിയ്ക്കാം. വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, വൈറ്റമിന്‍ സി, ഡി, അമിനോ ആസിഡുകള്‍ എന്നിങ്ങളെ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്.എന്നുള്ള പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. കൊഴുപ്പുരുക്കാനും ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരം.

വെറുംവയറ്റില്‍ കുടിച്ചാല്‍ തടി കുറയുമെന്നു പറയുന്ന നാരങ്ങാവെള്ളം തന്നെയാണ് ഒന്ന്. ഇത് ഇളംചൂടില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് ദഹന പ്രക്രിയ മാത്രമല്ല, ശരീരത്തിലെ അപചയ പ്രക്രിയയും ശക്തിപ്പെടുത്തുന്നു. ഇവ രണ്ടും അടിവയറ്റിലെ കൊഴുപ്പു കളയാന്‍ ഏറെ ഗുണം നല്‍കുന്നു. നാരങ്ങായിലെ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. നല്ല ശോധനയ്ക്കും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതേറെ നല്ലതാണ്. ഇതില്‍ ചേര്‍ക്കുന്ന തേനും ആന്റി ഓക്‌സിഡന്റ് ഗുണങ്ങളിലൂടെ ശരീരത്തിലെ കൊഴുപ്പു കളയുന്നതില്‍ മികച്ചതാണ്.

 

chandrika: