മതം ഗുണകാംക്ഷയാണ് എന്ന പ്രവാചക സന്ദേശം ചിന്തനീയമാണ്. നന്മയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും നന്മയിലേക്ക് കൂടെയുള്ളവരെ ആകര്‍ഷിക്കാനും പരിശ്രമിക്കുകവഴി ആത്മീയ ഔന്യത്വവും ധാര്‍മിക വിശുദ്ധിയും ആര്‍ജ്ജിച്ചെടുക്കുകയാണ് വിശ്വാസിയുടെ ലക്ഷ്യം. ഗുണകാംക്ഷ എന്നതിനെ ഉപദേശം മാത്രമായി പരിമിതപ്പെടുത്തുന്നത് അപക്വമാണ്. ‘ദൈവത്തോടും പ്രവാചകരോടും വിശുദ്ധ ഗ്രന്ഥത്തോടും സമൂഹ നേതൃത്വത്തോടും പൊതുസമൂഹത്തോടുമൊക്കെയുള്ള ഗുണകാംക്ഷയാണ് മതം എന്നാണ് പ്രവാചകരുടെ സന്ദേശത്തിന്റെ പൂര്‍ണ്ണ രൂപം’. ദൈവത്തോടുള്ള ഗുണകാംക്ഷ അചഞ്ചലമായ വിശ്വാസവും ദൈവിക ചോദനകളോടുള്ള അനുസരണയും സമര്‍പ്പണവുമാണ്. പ്രവാചകരോടാവട്ടെ തിരു ചര്യകള്‍ പിന്തുടരുന്നതും സ്‌നേഹപൂര്‍വം അനുധാവനം ചെയ്യലുമാണ്.
വിശുദ്ധ ഗ്രന്ഥത്തോടുള്ള ഗുണകാംക്ഷ എന്നത് പാരായണവും ഖുര്‍ആനിക ചിന്തകളെ പ്രയോഗവത്കരിക്കലുമാണ്.
ആദ്യ മൂന്ന് ഘട്ടങ്ങള്‍ വിശ്വാസപരവും ആത്മീയവുമായ കര്‍മ്മ ധര്‍മ്മങ്ങളാണെങ്കില്‍ അടുത്ത രണ്ട് തലങ്ങള്‍ നിത്യ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. സമൂഹ നേതൃത്വത്തോടുള്ള ഗുണകാംക്ഷ അനുസരണയും ദൗത്യ നിര്‍വഹണങ്ങളിലെ പിന്തുണയും സഹകരണവുമാണ്. എന്നാല്‍ പൊതു ജനങ്ങളോടുള്ളതാവട്ടെ നന്മകളിലുള്ള സഹകരണവും തിന്മകളിലെ നിസ്സഹകരണവും നന്മകളെ ഓര്‍മ്മപ്പെടുത്തലും സുകൃതങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കലുമാണ്.
മതം ഗുണകാംക്ഷയാണെന്ന വചനത്തിന്റെ വിശാല പരിസരം ഇവ്വിധം ഗ്രഹിച്ചാല്‍ ഒരു ജീവിത പദ്ധതി എന്ന നിലയില്‍ മതം സര്‍വ്വ തലങ്ങളിലും പരിവര്‍ത്തിപ്പിക്കുന്നത് കാണാം. ‘ഉപദേശം പോലെ വെറുതെ കിട്ടുന്നതൊന്നുമില്ല’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കും വിധമാണ് സാഹചര്യം. എവിടെ തിരിഞ്ഞാലും ഉപദേശങ്ങള്‍ മാത്രമാണ്. കേള്‍ക്കാന്‍ ഇത്രമേല്‍ അരോചകമായ മറ്റൊന്നില്ല എന്ന് തന്നെയാണ് സര്‍വരുടേയും അനുഭവ സാക്ഷ്യം.
നിത്യേനെ കിട്ടുന്ന ഉപദേശങ്ങളെക്കാള്‍ ചേര്‍ത്ത് നിര്‍ത്തലുകളും ജീവിച്ച് കാണിക്കുന്ന മഹിത മാതൃകകളുമൊക്കെയാണ് ആവശ്യം. അരുതായ്മകള്‍ കൊണ്ട് അതിരുകടന്നവര്‍ക്ക് പോലും സ്‌നേഹത്തോടെ വന്ന് ആശങ്കകള്‍ പങ്കുവെക്കാനും സ്‌നേഹ സന്ദേശങ്ങള്‍ നുകരാനും തിരുമേനിയുടെ അടുത്ത് അവസരമുണ്ടായിരുന്നു. ആ സാമീപ്യം ഒന്നുകൊണ്ട് മാത്രം നേര്‍വഴി കണ്ടെത്തിയ അനേകമനേകം ജീവിതങ്ങള്‍ അതിന്റെ സാക്ഷ്യമാണ്.
പ്രവര്‍ത്തികള്‍ സ്വാധീനിക്കുന്നതിന്റെ ഒരംശം പോലും പ്രസംഗങ്ങളും ഉപദേശങ്ങളും കൊണ്ട് സാധ്യമല്ല എന്നതാണ് യാഥാര്‍ഥ്യം. നിര്‍ത്താതെ സംസാരിച്ച് കൊണ്ടേയിരിക്കുന്ന നാവുകളും അടയാതെ കേട്ടുകൊണ്ടേയിരിക്കുന്ന കാതുകളും അല്ല ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്കുള്ള സംവേദനമാണ് വേണ്ടത്. അത് മാത്രമേ മനുഷ്യരെ ആത്യന്തികമായി പരിവര്‍ത്തിപ്പിക്കുകയുള്ളൂ.