തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ചില്‍ നടന്ന റെയ്ഡിനിടെ നാടകീയ സംഭവങ്ങള്‍. റെയ്ഡ് പുരോഗമിക്കുന്നതിനിടെ ആദ്യ ദിവസം സഭയുടെ വക്താവും മെഡിക്കല്‍ കോളേജിന്റെ മാനേജറും ആയ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കുന്നതിന് ഇടയില്‍ ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത്റൂമിലേക്ക് ഓടി ഫോണ്‍ നിലത്ത് എറിഞ്ഞുക്കാന്‍ ശ്രമിക്കുകയായിരുന്നു.് ഫോണ്‍ ടോയ്‌ലറ്റിലിട്ട് ഫ്ളഷ് ചെയ്യാനുള്ള ശ്രമത്തിനിടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെടുകയും വൈദികനെ പിടിച്ചുമാറ്റി തകര്‍ന്ന ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിച്ച ഫോണില്‍ നിന്നെടുത്ത ഡേറ്റ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്.
നിര്‍ണായകമായ മറ്റൊരു തെളിവായ പെന്‍ഡ്രൈവും നശിപ്പിക്കാനുള്ള ശ്രമം ജീവനക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു തടയുകയായിരുന്നു. റെയ്ഡിനിടെ പതിനാലര കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഏഴുകോടി രൂപ ബിലിവേഴ്സിന്റെ ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നാണ് പിടിച്ചെടുത്തത്. ബാക്കി തുക ഡല്‍ഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് പിടിച്ചെടുത്തത്.
ബിലിവേഴ്സ് സ്ഥാപകന്‍ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസും വിദേശത്താണ്. ഇരുവരെയും ഇന്ത്യയിലെത്തിക്കാനുള്ള നീക്കം ആദായ നികുതി വകുപ്പ് നടത്തുന്നുണ്ട്.