X

അട്ടിമറി മറികടന്ന് ബെല്‍ജിയം ക്വാര്‍ട്ടറില്‍; സാമുറായികളുടെ പോര്‍വീര്യം ഓര്‍മപ്പെടുത്തി ജപ്പാന്‍

റോസ്റ്റോവ്: അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിലെ അട്ടിമറിഭയം തീരുന്നില്ല. അവസാനം വരെയും സാമുറായികളുടെ പോര്‍വീര്യത്തില്‍ കത്തിനിന്ന ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ ജപ്പാനെ മറികടന്ന് ബല്‍ജിയം.
രണ്ടു ഗോളുകളുമായി ജപ്പാന്‍ വിജയം കൈവരിച്ചുവെന്നു തോന്നിച്ച നിമിഷത്തില്‍, തിരിച്ചടിയുടെയും കളിയില്‍ കാണിച്ച ചടുലതയുടേയും ബലത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബല്‍ജിയത്തിന്റെ വിജയം. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് അടിയും തിരിച്ചടിയുമായി മല്‍സരത്തിലെ അഞ്ചു ഗോളുകളും പിറന്നത്.
ജൂലൈ ആറിന് നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മെക്‌സിക്കോയെ തോല്‍പ്പിച്ച ബ്രസീലാണ് ബല്‍ജിയത്തിന്റെ എതിരാളി.

ഒരിക്കലും തളരാത്ത കരുത്തില്‍ അവസാന നിമിഷംവരെ വെച്ച പ്രതീക്ഷയില്‍ ബെല്‍ജിയം ജയിച്ചു കയറിയെങ്കിലും ജപ്പാന്റെ പോര്‍വീര്യത്തിന്റെ പേരില്‍ കൂടിയിയായിരിക്കും ഈ മത്സരം വിലയിരുത്തപ്പെടുക.

48ാം മിനിറ്റില്‍ ഹരഗൂച്ചിയും 52ാം മിനിറ്റില്‍ ഇനൂയിയും നേടിയ ഗോളില്‍ മുന്നില്‍ക്കയറിയ ജപ്പാനെ വെര്‍ട്ടോംഗന്‍ (69), മൊറെയ്ന്‍ ഫെല്ലെയ്നി (74), ചാഡ്ലി (90+4) എന്നിവര്‍ നേടിയ ഗോളുകളിലാണ് ബല്‍ജിയം വീഴ്ത്തിയത്. അതേസമയം ബെല്‍ജിയം പരിശീലകന്‍ പകരക്കാരായി പരീക്ഷിച്ചവരാണ് സമനിലഗോള്‍ നേടിയ ഫെല്ലെയ്നിയും വിജയഗോള്‍ നേടിയ ചാഡ്ലിയും.

ലോകകപ്പ് നോക്കൗട്ട് മല്‍സരങ്ങളില്‍ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന പേരുദോഷം ബാക്കിവച്ചാണ് റഷ്യയില്‍നിന്നും ജപ്പാന്റെ മടക്കം. 2002ലും 2010ലും ഗ്രൂപ്പുഘട്ടം പിന്നിട്ട ജപ്പാന്‍, അന്നും പ്രീക്വാര്‍ട്ടറില്‍ കീഴടങ്ങി.

chandrika: