X

ബെല്‍ജിയം സമ്മര്‍ദ്ദ നെരിപ്പോടില്‍

അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തിലെ അവസാന ഗ്രൂപ്പ് മല്‍സരത്തിലേക്ക് പോവുന്നതിന് മുമ്പ് ടെന്‍ഷന്‍ ഒഴിവാക്കാന്‍ ആഗ്രഹിച്ചവരായിരുന്നു ഫിഫ റാങ്കിങില്‍ രണ്ടാമത് നിന്നിരുന്ന ചുവന്ന ചെകുത്താന്മാര്‍ എന്ന ബെല്‍ജിയം. പക്ഷേ ഇന്ന് കനത്ത സമ്മര്‍ദ്ദത്തിലാണ് ടീം. നിലവിലെ ലോക 12-ാം സ്ഥാനക്കാരായ ക്രോട്ടുകാരാണ് പ്രതിയോഗികള്‍. അവരെ തോല്‍പ്പിക്കുക എന്നത് വലിയ ജോലിയാണ്. പ്രത്യേകിച്ച് ടീമില്‍ പടല പിണക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍. ഗ്രൂപ്പിലിപ്പോള്‍ ക്രൊയേഷ്യയും മൊറോക്കോയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് റഷ്യന്‍ ലോകകപ്പില്‍ സെമി കളിച്ച ബെല്‍ജിയം.

രണ്ട് മല്‍സരങ്ങളില്‍ നിന്നായി ക്രൊയേഷ്യയും മൊറോക്കോയും നാല് പോയിന്റ് വീതം നേടി ആദ്യ രണ്ട് സ്ഥാനങ്ങള്‍ പങ്കിടുന്നു. ക്രോട്ടുകാര്‍ക്ക് ഇന്ന് തോല്‍ക്കാതിരുന്നാല്‍ നോക്കൗട്ടിലെത്താം. ആദ്യ മല്‍സരത്തില്‍ മൊറോക്കോക്കെതിരെ സമനില വഴങ്ങിയ ലുക്കാ മോഡ്രിച്ചിന്റെ സംഘം രണ്ടാം മല്‍സരത്തില്‍ കനഡയുടെ വലയില്‍ നാല് തവണ പന്ത് എത്തിച്ചിരുന്നു. ഫോമിലേക്ക് വന്ന ക്രോട്ടുകാരെ പിടിച്ചുകെട്ടുക ബെല്‍ജിയത്തിന് എളുപ്പമാവില്ല. ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ തന്നെ കനഡക്കെതിരെ വിറച്ചിരുന്നു അവര്‍. ഒരു ഗോളിനാണ് രക്ഷപ്പെട്ടത്. രണ്ടാം മല്‍സരത്തിലാവട്ടെ മൊറോക്കോക്ക് മുന്നില്‍ തോല്‍ക്കുകയും ചെയ്തു. ഈഡന്‍ ഹസാഡ് നയിക്കുന്ന സംഘത്തെ കിളവന്‍പട എന്ന് ടീമിലെ ചിലര്‍ തന്നെ വിശേഷിപ്പിച്ചതാണ് കലാപത്തിന് കാരണമായത്. കെവിന്‍ ഡി ബ്രുയ്ന്‍, ഹസാഡ് തുടങ്ങിയ സീനിയേഴ്‌സിന് കാര്യമായി ഒന്നും ചെയ്യാനാവുന്നില്ല എന്നതാണ് പരാതി.

റുമേലു ലുക്കാക്കുവാകട്ടെ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനുമല്ല. കോച്ച് മാര്‍ട്ടിനസിന് ടീമിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് നേരം. പരസ്പരം തമ്മിലടിച്ച ബെല്‍ജിയന്‍ നിരയിലെ വിള്ളലുകള്‍ ഇന്ന് ക്രോട്ടുകാര്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ നോക്കൗട്ടിലെത്തും. പക്ഷേ ഗോള്‍കീപ്പര്‍ തിബോക്ത കുര്‍ട്ടോയിസ് ഉള്‍പ്പെടുന്ന സീനിയര്‍ സംഘത്തെ ഇപ്പോഴും ഫുട്‌ബോള്‍ ലോകം എഴുതിത്തള്ളുന്നില്ല. ബെല്‍ജിയം പതിവ് ഫോമിലേക്ക് വന്നാല്‍ ക്രൊയേഷ്യ പതറും. സമനില എന്ന ലക്ഷ്യത്തില്‍ അവര്‍ പ്രതിരോധത്തിലേക്ക് വഴി മാറിയാലും അത് ബെല്‍ജിയത്തിന് നേട്ടമാവും. ഇന്ത്യന്‍ സമയം രാത്രി 8.30 ലെ അങ്കമാണ് ലോകകപ്പിലെ ഇന്നത്തെ പ്രധാന മല്‍സരം.

Test User: