ബെംഗളൂരു: പാക് ചാര സംഘടനയ്ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ബിഇഎല്‍ സീനിയര്‍ എഞ്ചിനീയര്‍ ദീപ്രാജ് ചന്ദ്രയെന്ന 36കാരനാണ് പിടിയിലായത്. ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ എഞ്ചിനീയര്‍ ആണ് ഇയാള്‍ റഡാര്‍ സംവിധാനങ്ങളിലൂടെയുള്ള ആശയവിനിമയം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പ്രതി കൈമാറിയത്.
ഇയാളെ സംസ്ഥാന രഹസ്യാന്വേഷണ, സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് വലയിലാക്കിയതെന്നും ഏറ്റവും രഹസ്യമായ വിവരങ്ങളാണ് ഇയാള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്ക്ക് പങ്കുവച്ചതെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ബെംഗളൂരുവില്‍ നിര്‍മിക്കുന്ന ഉത്പ്പന്നങ്ങളെയും സുപ്രധാന തീരുമാനങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ഇയാള്‍ കൈമാറി.
‘രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പ്രതിക്കെതിരെ സൈനിക ഇന്റലിജന്‍സ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതൊരു ഭയാനകമായ വിഷയമാണ്. രാജ്യം നിര്‍മിക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള നിരവധി സുപ്രധാന വിവരങ്ങളും തീരുമാനങ്ങളും ഇയാള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയിരുന്നു’- പരമേശ്വര പറഞ്ഞു.
ഓഫീസ് ലേഔട്ടുകളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും പ്രൊഡക്ഷന്‍ സിസ്റ്റവുമായും ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും, ആശയവിനിമയ, റഡാര്‍ സംവിധാനങ്ങള്‍, ഓപ്പറേറ്റിങ് ഫ്രേംവര്‍ക്കുകള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവയും കൈമാറിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ബിഇഎല്‍ ഗവേഷണ സംഘത്തിലാണ് പ്രതി ജോലി ചെയ്തിരുന്നത്.
ഇ-മെയില്‍, വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് പ്രതി ചാര ഏജന്റുമായി ബന്ധം സ്ഥാപിച്ചത്. പാകിസ്താനിലെ സ്വീകര്‍ത്താവിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രയുമായി ബന്ധപ്പെട്ടിരുന്ന രണ്ട് പ്രതികളെക്കൂടി ഉദ്യോഗസ്ഥര്‍ തിരയുന്നുണ്ട്. ചോര്‍ച്ചയുടെ പൂര്‍ണ വ്യാപ്തി നിര്‍ണയിക്കാന്‍ ഡിജിറ്റല്‍ ഇടപാടുകളും ആശയവിനിമയങ്ങളും ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ടെന്നും അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.