ബേജാറാവണ്ട….. തല ഉയര്‍ത്തിയങ്ങ് കളിച്ചാല്‍ മതി. തോല്‍ക്കില്ല. സെമിയിലെത്താം. മേഘാലയക്കെതിരെ നേടിയ അപ്രതീക്ഷിത സമനിലക്ക് ശേഷം ഗ്രൂപ്പിലെ അവസാന മത്സരത്തിനിറങ്ങുന്ന കേരളത്തിനോട് ഫുട്‌ബോള്‍ പ്രേമികള്‍ പറയുന്നത് ഇത്ര മാത്രം. തോല്‍ക്കാതിരുന്നാല്‍ സെമി. ശക്തരായ പഞ്ചാബിനെതിരെ രാത്രി എട്ടുമണിക്ക് പയ്യനാടാണ്് മത്സരം. ജയിച്ചാലും സമനിലയായാലും സെമിഫൈനലില്‍ എത്താം. ഇനി ടീം തോല്‍ക്കുകയാണെങ്കിലും സാധ്യത നിലനില്‍ക്കുന്നുണ്ട്. നിലവില്‍ മൂന്നുകളികളില്‍ നിന്നും രണ്ടു ജയവു ഒരു സമനിലയുമായി ഏഴ് പോയന്റോടെ ഗ്രൂപ്പില്‍ ഒന്നാമതാണ് കേരളം. ജയിച്ചാല്‍ പത്തുപോയന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ സെമിയിലെത്താം. കളി സമനിലയിലെത്തിയാലും എട്ടുപോയിന്റോടെ സെമി ഉറപ്പിക്കാം. തോല്‍വിയാണെങ്കില്‍ മറ്റുള്ള ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പ്രയാണം. ഇന്നതെ കളി ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ സെമിയിലെത്താനാകും കേരളം ആഗ്രഹിക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാല്‍ സെമിയില്‍ ഗ്രൂപ്പ് ബി യിലെ രണ്ടാം സ്ഥാനക്കാരെ നേരിട്ടാല്‍ മതിയാകും. ഇന്ന് കോട്ടപ്പടിയില്‍ ബംഗാള്‍ മേഘാലയെ നേരിടും. സെമിസാധ്യത നില്‍നില്‍ക്കുന്ന ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണ്ണായകമാണ്.
ജാഗ്രതയോടെ ടീം
രാജസ്ഥാനെതിരെ ആദ്യ മത്സരത്തിനിറങ്ങിയ കേരളം അഞ്ചുഗോളിന് തകര്‍പ്പന്‍ വിജയമാണ് നേടിയത്. പിന്നീട് കഴിഞ്ഞ രണ്ടുകളികളിലും ആദ്യകളിയിലുണ്ടായ ആധിപത്യം ടീമിന് നേടാനായില്ല. രണ്ടാം മത്സരത്തില്‍ ബംഗാള്‍ അവസാന പത്തുമിനുറ്റുവരെ മുന്നേറ്റനിരയെ പിടിച്ചുകെട്ടി. ആദ്യ കളിയില്‍ ഹാട്രിക്ക് നേടിയ നായകന്‍ ജിജോക്ക് കഴിഞ്ഞ രണ്ടുമത്സരങ്ങളിലും കാര്യമായി ഒന്നും ചെയ്യാനായില്ല. മേഘാലയക്കെതിരെ പെനാല്‍റ്റി പാഴാക്കുകയും ചെയ്തു. മധ്യനിരയില്‍ കളിമെനയുന്ന താരങ്ങളെ കൃത്യമായി പൂട്ടിയാല്‍ കേരളം പതറുമെന്ന് തന്നെയാണ് കഴിഞ്ഞ കളി തെളിയിച്ചത്. മുന്നേറ്റനിരയിലും മധ്യനിരയിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഗ്രൂപ്പിലെ അവസാന മത്സരമായതിനാല്‍ കോച്ച് പല പരീക്ഷണങ്ങള്‍ക്കും മുതിരാനും സാധ്യതയുണ്ട്. എന്നാല്‍ നിര്‍ണ്ണായക കളിയാണ് എന്നതും കോച്ചിനെ പ്രതിരോധാത്തിലാക്കും.
പഞ്ചാബ് ചെറിയ മീനല്ല
1987-88 സന്തോഷ് ട്രോഫി. നടക്കുന്നത് കൊല്ലത്ത്. ഫൈനല്‍ മത്സരത്തില്‍ ആതിഥേയരുടെ എതിരാളികള്‍ പഞ്ചാബ്. എന്നാല്‍ അന്ന് കണ്ണീരോടെയാണ് കേരളം കിരീടം കൈവിട്ടത്. പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തിലായിരുന്നു കേരളം കീഴടങ്ങിയത്. ഇതിന് പകരമെന്നോണം 2004-05 സന്തോഷ് ട്രോഫിയില്‍ ഡല്‍ഹിയില്‍ നിന്നും ഇതേ പഞ്ചാബിനെ തോല്‍പ്പിച്ച് കേരളം കിരീടത്തില്‍ മുത്തമിട്ടത് ചരിത്രം. ഇത്തവണയും നല്ലൊരു ടീമുമായാണ് പഞ്ചാബ് കേരളത്തിലെത്തിയത്. ആദ്യ കളിയില്‍ ബംഗാളിനോട് തോറ്റെങ്കിലും രണ്ടാം കളിയില്‍ രാജസ്ഥാനെ തോല്‍പ്പിച്ച് വിലപ്പെട്ട മൂന്ന് പോയിന്റ് നേടി.