ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളത്തെ സംഘര്‍ഷങ്ങളില്‍ നിന്നും പ്രതിരോധിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. വനിതക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് പോലീസിന്റെ ഭാഗത്തുനിന്നും ചില തന്ത്രങ്ങള്‍ പ്രയോഗിക്കുകയായിരുന്നു. ഇത് വിജയകരമായെന്നും ബെഹ്‌റ പറഞ്ഞു.
‘1992ല്‍ ബാബറി മസ്ജിദ് പ്രശ്‌നമുണ്ടായപ്പോള്‍ കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതിനെ അതിജീവിക്കാന്‍ പ്രയോഗിച്ചത് വളരെ ചെറിയ ഒരു തന്ത്രമാണ്. കേബിള്‍ ഓപ്പറേറ്റര്‍മാരെയെല്ലാം വിളിച്ച് ചാനലുകളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഹിറ്റ് സിനിമകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറഞ്ഞു. മമ്മൂട്ടിയും ലാലും കത്തി നില്‍ക്കുന്ന സമയമാണ്. ആളുകളെ ഒരു പരിധിവരെ വീട്ടിനുളളില്‍ പിടിച്ചിരുത്താന്‍ അത് ധാരാളമായിരുന്നു’ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.