X

ബി.ജെ.പി കളത്തിലിറക്കിയ ‘രാമായൺ’ സീരിയലിലെ ‘ശ്രീരാമൻ’ പിന്നിൽ

ഉത്തര്‍പ്രദേശിലെ മീററ്റ് മണ്ഡലത്തില്‍ ബി.ജെ.പി കളത്തിലിറക്കിയ ‘രാമായണ്‍’ സീരിയലിലെ ‘ശ്രീരാമന്‍’ പിന്നില്‍. ‘രാമായണ്‍’ ടെലിവിഷന്‍ സീരിയലില്‍ ശ്രീരാമന്റെ വേഷമിട്ട അരുണ്‍ ഗോവിലാണ് 24,905 വോട്ടിന് പിന്നിലായത്. എതിര്‍സ്ഥാനാര്‍ഥി സമാജ് വാദി പാര്‍ട്ടിയിലെ സുനിത വര്‍മ 3,84,047 വോട്ടുമായി മുന്നേറുമ്പോള്‍ ഗോവിലിന് 3,59,142 വോട്ടുമാത്രമാണ് ഇതുവരെ ലഭിച്ചത്.

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടത്തി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പാര്‍ട്ടിയുടെ അഞ്ചാം സ്ഥാനാര്‍ഥി പട്ടികയില്‍ ‘ശ്രീരാമന്‍’ ഇടം പിടിച്ചത്. എന്നാല്‍, രാമക്ഷേത്രം നിലനില്‍ക്കുന്ന ഫൈസാബാദിലടക്കം ബി.ജെ.പി പിന്നിലേക്ക് പോയതാണ് വോട്ടെണ്ണുമ്പോള്‍ കാണുന്നത്.

ഉത്തര്‍ പ്രദേശിലെ സ്വന്തം നാട് ഉള്‍പ്പെടുന്ന മീററ്റ് മണ്ഡലത്തിലാണ് 66കാരന്‍ ജനവിധി തേടി ഇറങ്ങിയത്. മൂന്നു തവണ മണ്ഡലത്തില്‍ എം.പിയായിരുന്ന രാജേന്ദ്ര അഗര്‍വാളിനെ മാറ്റിയായിരുന്നു രംഗപ്രവേശം.

2021ല്‍ ബി.ജെ.പി അംഗത്വമെടുത്ത ഗോവില്‍ ജനുവരിയില്‍ അയോധ്യയില്‍ നടന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായിരുന്നു. 1977ല്‍ പുറത്തിറങ്ങിയ ‘പഹേലി’ എന്ന സിനിമയിലൂടെയായിരുന്നു ഗോവിലിന്റെ അഭിനയ രംഗത്തെ അരങ്ങേറ്റം. എന്നാല്‍, 1980കളില്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ ‘രാമായണ്‍’ എന്ന പരമ്പരയിലെ ശ്രീരാമന്റെ വേഷം ഗോവിലിനെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി. ശേഷം നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു.

webdesk13: