X

‘വലിയ ക്രിമിനലുകളോടെന്ന പോലെ പെരുമാറി’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി

രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റ് അപലപനീയമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പൊലീസിനെ കയറൂരി വിട്ടതാണോ എന്ന് ഭരിക്കുന്നവര്‍ വ്യക്തമാക്കണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും രണ്ട് നീതി. ഇന്ത്യ മുന്നണിയില്‍ ഇരിക്കുന്നവര്‍ ആണ് കേരളത്തില്‍ ഇത് ചെയ്യുന്നത്. കേസ് എടുക്കാറുണ്ടെങ്കിലും ഇത് എന്തിനാണ് എന്ന മനസ്സിലാകുന്നില്ല. അറസ്റ്റ് പ്രതിഷേധാര്‍ഹമെന്നും കുഞ്ഞാലിക്കുട്ടി. ജനകീയ സമരങ്ങള്‍ നാട്ടില്‍ സാധരണ ഉള്ളതാണ്. കുറച്ചുകൂടി ജനാധിപത്യപരമായി നീങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഉള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ശരിയല്ല. അടിച്ചമര്‍ത്താന്‍ തുടങ്ങിയാല്‍ സിപിഐഎമ്മിന് കേന്ദ്രത്തെ വിമര്‍ശിക്കാന്‍ പറ്റാതെയാകുമെന്നും കുഞ്ഞാലിക്കുട്ടി. വിഷയം നാളെ യുഡിഎഫ് ചര്‍ച്ച ചെയ്യും. പ്രതിപക്ഷം ജനകീയ സമരങ്ങളിലൂടെ തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച രാഹുലിനെ അറസ്റ്റ് ചെയ്തത് തീവ്രവാദികളെ കൈകാര്യം ചെയ്യുന്ന പോലെയാണെന്ന് ബെന്നി ബെഹനാന്‍ എംപി പ്രതികരിച്ചു. ആജീവനാന്തം പിണറായി മുഖ്യമന്ത്രിയാകുമെന്ന് കരുതരുത്. മുഖ്യമന്ത്രിക്ക് അധികാര പ്രമത്തത ബാധിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്യാനും അദ്ദേഹം വെല്ലുവിളിച്ചു.

webdesk13: