വരള്‍ച്ചയുടെയും കഠിനമായ ഉഷ്‌ണത്തിന്റെയും പിടിവിട്ട് കേരളം അതിതീവ്രമഴയുടെ പിടിയിലേക്ക്. നിലവില്‍ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാടിന്റെ ഭാഗങ്ങളിലും രൂപം കൊണ്ടിട്ടുള്ള ചക്രവാതച്ചുഴിയുടെ ശക്തിയില്‍ വരുന്ന ഏതാനും ദിവസം വേനല്‍മഴ കനക്കും. ചിലയിടങ്ങളില്‍ മേഘ വിസ്‌ഫോടനത്തോടെ അതിതീവ്രമഴ പ്രതീക്ഷിക്കാം. മലയോര മേഖലയില്‍ പ്രാദേശിക വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയേറെയാണ്.
കഴിഞ്ഞ ദിവസം കുറ്റാലത്ത് ലഘുമേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണെന്നാണ് അനുമാനം. രണ്ട് മണിക്കൂറില്‍ അഞ്ച് സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുന്ന മേഘവിസ്‌ഫോടനം അടുത്ത മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ എവിടെയും പ്രതീക്ഷിക്കാം. കേരളത്തിന്റെ തെക്കേ മുനമ്പില്‍ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നത് മഴയുടെ ശക്തി ഒന്നുകൂടി വര്‍ധിപ്പിക്കും.
ചക്രവാതച്ചുഴിയുടെ പിടിയയഞ്ഞു കഴിയുന്നതോടെ തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം പതിയെ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനൊപ്പം തന്നെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ സാധ്യത ഉരുണ്ടുകൂടാനും ഇടയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദം മണ്‍സൂണ്‍ മേഘങ്ങളുടെ കേരളത്തിലേക്കുള്ള വരവ് വേഗത്തിലാക്കും. പിന്നാലെ മണ്‍സൂണ്‍ സാധാരണപോലെ പെയ്‌തുതുടങ്ങുകയും ചെയ്യും. എന്നാല്‍, അറബിക്കടലിലാണ് ന്യൂനമര്‍ദ്ദമുണ്ടാകുന്നതെങ്കില്‍ കേരളത്തില്‍ അതിതീവ്രമഴയും അതിന്റെ ഭാഗമായ ലഘുമേഘ വിസ്‌ഫോടനങ്ങള്‍ക്കും കാരണമായേക്കാമെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്‌ടറും കാലാവസ്ഥാ ഗവേഷകർ ചൂണ്ടിക്കാട്ടി. ചൂടുപിടിച്ചു കിടക്കുന്ന അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത ഉണ്ടാകാനുള്ള എല്ലാഉജ് അന്തരീക്ഷസാഹചര്യവും നിലവിലുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇരട്ട ന്യൂനമര്‍ദ്ദ സാധ്യത യാഥാര്‍ഥ്യമായാല്‍ മണ്‍സൂണ്‍ ഇക്കുറി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചതിലും നേരത്തേ എത്താം. ഈ മാസം 31ന് കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്നാണ് അറിയിപ്പ്. അത് ചിലപ്പോള്‍ നേരത്തേയാകാം.
ഇപ്പോഴുള്ള കാലാവസ്‌ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ മണ്‍സൂണിന് മുന്നേ മഴ തിമര്‍ത്തുപെയ്യാനുള്ള സാധ്യത ഏറെയാണ്. അതായത് ജൂണിന് മുമ്പാകും കൂടുതല്‍ മഴ കിട്ടാന്‍ പോകുന്നത്. ജൂണാരംഭത്തോടെ മഴ ശക്തികുറയും. തുടര്‍ന്ന് മണ്‍സൂണ്‍ ആരംഭിച്ച ശേഷം ജൂണ്‍ രണ്ടാംവാരത്തോടെയാകും മഴ വീണ്ടും ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.