പ്രസൂണ്‍ കുമാര്‍
ഏപ്രില്‍ 27. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ പ്രത്യേകിച്ച് മാര്‍വല്‍ ആരാധകര്‍ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. അന്നാണ് സര്‍വ്വ ലോകത്തെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ താനോസ് ഭൂമിയിലേക്ക് വരുന്നത്.. ആ ഒന്നൊന്നര വില്ലനെ എതിരിടാനായി അവഞ്ചേഴ്സ് തയ്യാറെടുത്തുകഴിഞ്ഞു.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മാര്‍വല്‍ സ്റ്റുഡിയോയുടെ ഏറ്റവും പുതിയ ചിത്രമായ അവഞ്ചേഴ്സ് ഇന്‍ഫിന്റി വാര്‍ റിലീസിന് ഒരുങ്ങുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. എന്നാല്‍ ഇനിയും അവഞ്ചേഴ്‌സിനെയും എം.സി.യു (മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ്) വിനെക്കുറിച്ചും അറിയാത്തവര്‍ക്കായി.
നമ്മള്‍ അറിയുന്ന പ്രധാനപ്പെട്ട സൂപ്പര്‍ ഹെറോകളെല്ലാം പിറന്നത് രണ്ട് കോമിക്ക് പ്രസാധകരില്‍ നിന്നുമാണ്. ഒന്ന് മാര്‍വല്‍ കോമിക്സും രണ്ടാമത്തേത് ഡി.സി കോമിക്സും. അയേണ്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, തോര്‍, ഹള്‍ക്ക്, സ്‌പൈഡര്‍മാന്‍, ഡോക്ടര്‍ സ്ട്രേഞ്ച്, ആന്റ്മാന്‍, ബ്ലാക്പാന്തര്‍ എന്നിരാണ് മാര്‍വല്‍ ലോകത്തിലെ പ്രധാനപ്പെട്ട ചില ഹീറോകള്‍. സൂപ്പര്‍മാന്‍, ബാറ്റ്മാന്‍, ഫ്‌ലാഷ്, വണ്ടര്‍വുമണ്‍, ഫാന്റം മുതലായവര്‍ ഡി.സി കോമിക്‌സിന്റെ സൃഷ്ടികളും.
10 വര്‍ഷം മുന്‍പ് 2008ലാണ് ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കമാകുന്നത്.
മാര്വല്‍ കോമിക് ഹീറോ ആയ അയേണ്‍മാനെ നായകനാക്കി മാര്വല്‍ സ്റ്റുഡിയോ നിര്‍മിച്ച സിനിമ 2008 ലെ ഏറ്ററ്വും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. ആ വര്‍ഷം തന്നെ ‘ദി ഇന്‍ക്രെഡിബിള്‍ ഹള്‍ക്ക്’ ഇറങ്ങിയെങ്കിലും അത് വിജയം കാണാതെ പോയി. ഈ സിനിമ മാത്രമാണ് വന്‍ വിജയം കൈവരിക്കാതെ പോയ മാര്വല്‍ സിനിമ. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അയേണ്‍മാന്റെ രണ്ടാം ഭാഗവും (2010), തോര്‍ (2011), ക്യാപ്റ്റന്‍ അമേരിക്ക (2011) എന്നിവ കൂടി വന്നതോടെ സിനിമാ മേഖലയില്‍ എം.സി.യുവിന്റെ ശക്തി വര്‍ധിച്ചു തുടങ്ങി. കഴിഞ്ഞ 10 വര്‍ഷങ്ങളിലായി എം.സി.യുവില്‍ നിന്ന് 18 ചലച്ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.
ലോക ബോക്‌സോഫീസുകളില്‍ നിന്നായി 14.8 ബില്യണ്‍ ഡോളറാണ് ഈ ചിത്രങ്ങള്‍ എല്ലാംകൂടി വാരികൂട്ടിയത്. അതോടെ സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ സീക്വലുകളും സൂപ്പര്‍ വില്ലന്മാരുമായി എം.സി.യു ഹോളിവുഡ് ബോക്‌സ് ഓഫീസ് അടക്കിവാണു. വ്യക്തമായ പ്ലാനോട് കൂടി ഘട്ടം ഘട്ടമായായിരുന്നു മാര്വാലിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ നിര്‍മിതി. ആദ്യം ഘട്ടം പൂര്‍ത്തിയാകുന്നത് 2012ലെ അവഞ്ചേഴ്സ് ഒന്നാം ഭാഗത്തോട് കൂടിയാണ്. ക്രോസ്സോവറുകള്‍ എന്നു വിളിക്കുന്ന ഈ സൂപ്പര്‍ ഹീറോ സംഗമമായ അവഞ്ജേഴ്സിന്റെ ആദ്യപതിപ്പ് എക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നായിമാറി.
ഭൂമിയെ തകര്‍ക്കാന്‍ വരുന്ന ശക്തികള്‍ ഒരു നായകനെകൊണ്ടു ‘താങ്ങാവുന്നതിലും’ അപ്പുറമാണെങ്കില്‍ തങ്ങളുടെ സൂപ്പര്‍ ഹീറോകളെ മുഴുവന്‍ ഒന്നിച്ച് അവരെ നേരിടുക. അവരാണ് അവഞ്ചേഴ്സ് എന്ന വിളിപ്പേരുള്ള ഈ സംഘം. ഷീല്‍ഡ് എന്ന സീക്രട്ട് സംഘത്തിന്റെ തലവന്‍ നിക്ക് ഫ്യൂരി മുന്‍കൈ എടുത്താണ് സൂപ്പര്‍ ഹീറോകളെ ഒത്തുചേര്‍ക്കുന്നത്.
പ്രേക്ഷകര്‍ ഇവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ എം.സി.യുവില്‍ നിന്ന് കൂടുതല്‍ സിനിമകളും കഥാപാത്രങ്ങളും വന്നുകൊണ്ടിരുന്നു. അതോടൊപ്പം തന്നെ അവഞ്ചേഴ്‌സിന്റെ അംഗബലവും കൂടിക്കൊണ്ടിരുന്നു. ആദ്യത്തെ അവഞ്ചേഴ്‌സില്‍ ആറു പ്രധാന നായകന്മാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇറങ്ങുന്ന മൂന്നാം ഭാഗമായ ഇന്‍ഫിനിറ്റി വാഴ്‌സില്‍ ഇരുപതിലേറെ നായകന്മാരാണ് രംഗത്തെത്തുന്നത്.
അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാഴ്‌സിനെ പറ്റി.
അവഞ്ചേഴ്സ് ആദ്യ ഭാഗം മുതല്‍ എംസിയു തയ്യാറെടുത്തത് ഈ രാജ വില്ലന് വേണ്ടിയായിരുന്നു. മാര്‍വല്‍ കോമിക്ക് ലോകത്തെ ഏറ്റവും ശക്തനായ വില്ലന്‍. കഴിഞ്ഞ 18 ചലച്ചിത്രങ്ങളിലായി ആകെ 4 മിനുട്ടാണ് താനോസ് പ്രത്യക്ഷപ്പെട്ടത്. ആദ്യത്തെ അവഞ്ചേഴ്‌സിന്റെ(2012) പോസ്റ്റ് ക്രെഡിറ്റ് സീനില്‍ കാണിക്കുന്നുണ്ടെങ്കിലും ഗാര്‍ഡിയന്‍ ഓഫ് ദി ഗലക്‌സിയിലാണ്(2015) തനോസിനെ കുറിച്ച് കൂടുതല്‍ പറയുന്നത്. ശനിയുടെ ഉപഗ്രഹമായ ടൈറ്റാനില്‍ ജനിച്ചത്‌കൊണ്ട് മാഡ് ടൈറ്റാന്‍ എന്ന വിളിപ്പേര് സ്വന്തമാക്കിയ താനോസിന്റെ ലക്ഷ്യം പ്രപഞ്ചത്തിലെ പകുതി ജീവനേയും ഇല്ലാതാക്കി മരണ ദേവതയെ തൃപ്തിപ്പെടുത്തുക എന്നതാണ്. അതിനായി താനോസ് തേടുന്നത് ഇനിഫിന്റി സ്റ്റോണ്‍സ് എന്നു പറയപ്പെടുന്ന 6 വ്യത്യസ്ത തരം അദ്ബുദ്ധ ശക്തിയുള്ള കല്ലുകളാണ്.
സ്‌പേസ് സ്റ്റോണ്‍, റിയാലിറ്റി സ്റ്റോണ്‍, പവര്‍ സ്റ്റോണ്‍, മൈന്‍ഡ്‌സ്റ്റോണ്‍, ടൈം സ്റ്റോണ്‍, സോള്‍ സ്റ്റോണ്‍ എന്നിങ്ങനെ വ്യത്യസ്തമായ ശക്തികളുള്ള ഊര്‍ജ രൂപമായ അവയെ കല്ലാക്കി രൂപപ്പെടുത്തി തന്റെ ഇന്‍ഫിനിറ്റി കയ്യുറയില്‍ ഘടിപ്പിച്ചാല്‍ ഒരു വിരല്‍ ഞൊടികൊണ്ടു തന്നെ ലോകത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ തക്ക സര്‍വ്വശക്തനാകാന്‍ താനോസിന് സാധിക്കും. അതിനായി മാര്‍വല്‍ സിനിമകളിലെ മറ്റുവില്ലന്മാരെ തന്റെ സഹായികളാക്കി ബ്ലാക്ക് ഓര്‍ഡര്‍ എന്ന സംഘത്തെയും അണിനിരത്തിയാണ് അവഞ്ചേഴ്‌സിനെ താനോസ് നേരിടുന്നത്.
ഈ ഇന്‍ഫിനിറ്റി സ്റ്റോണുകളില്‍ നാലെണ്ണവും ഭൂമിയിലും പുറത്തുമായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അഞ്ചാമത്തെ സ്റ്റോണ്‍ ആയ മൈന്‍ഡ് സ്റ്റോണ്‍ അവഞ്ചേഴ്‌സിലെ അംഗമായ ‘വിഷന്‍’ന്റെ നെറ്റിയില്‍ പിടിപ്പിച്ച നിലയിലും. അതിനാല്‍ ആ സ്റ്റോണ്‍ എടുക്കുക എന്നത് വിഷനിന്റെ ജീവന്‍ തന്നെ ഇല്ലാതാക്കുന്ന ഒന്നായിരിക്കും. ഇനി ആറാമത്തെ സ്റ്റോണ്‍ ആയ സോള്‍ സ്റ്റോണ്‍ എവിടെയെന്ന് ഇതുവരെ ഒരു ചിത്രത്തിലും പറഞ്ഞിട്ടില്ല.. അതുകൊണ്ട് അത് ഒരു രഹസ്യമായി തുടരുന്നു.
തന്റെ മുന്നില്‍ വരുന്ന ഏത് നായകനെയും ഒരു ഈച്ചയെ കൊല്ലുന്ന ലാഘവത്തോടെ ഇല്ലാതാക്കാന്‍ തക്ക ശക്തനായ തനോസിനെ അതുകൊണ്ട് തന്നെ എതിരിടാന്‍ അവഞ്ചേഴ്സ് സര്‍വ്വസന്നാഹങ്ങളുമായി തയ്യാറെടുക്കുമ്പോള്‍ മാര്‍വല്‍ ആരാധകര്‍ ഇതുവരെ കാണാത്തൊരു ദൃശ്യ വിരുന്നാകും അത് സമ്മാനിക്കുക. 10 വര്‍ഷത്തോളമുള്ള ഈ സൂപ്പര്‍ ഹീറോ സിനിമകളില്‍ ഇതുവരെ ഒരു പ്രധാന ഹീറോയും കൊല്ലപ്പെട്ടിട്ടില്ല.. എന്നാല്‍ ഇനിഫിനിറ്റി വാഴ്‌സില്‍ അതായിരിക്കില്ല എന്ന സൂചനയും സംവിധായകരായ റൂസോ സഹോദരങ്ങള്‍ നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഏതൊക്കെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് താനോസിന്റെ കയ്യാല്‍ ഇല്ലാതാകാന്‍ പോകുന്നത് എന്ന് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങുന്ന അവഞ്ചേഴ്‌സിന്റെ ആദ്യ പതിപ്പിന് ഏതാണ്ട് ഒരു ബില്യണ്‍ ഡോളര്‍ ബഡ്ജറ്റ് വന്നതായാണ് അണിയറ വാര്‍ത്തകള്‍. എങ്കില്‍ ലോകത്ത് ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ഇത്. മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയായ ഇനിഫിനിറ്റി വാഴ്‌സിന്റെ ആദ്യഭാഗം ഈ ഏപ്രില്‍ 27നും അടുത്ത ഭാഗം 2019 മേയ് മാസത്തിലും റിലീസ് ചെയ്യും.