ന്യൂഡല്‍ഹി: പശു-ബീഫ് വിഷയത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ നിലപാടെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഹൊവാക്‌സ് സ്ലേയറാണ് ഇതുസംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്.
വ്യാജ പ്രചാരണത്തിനു പിന്നില്‍ സംഘപരിവാറാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ ബീഫ് കഴിക്കില്ലെന്നും അമ്മ പശുവിനെ ആരാധിച്ചിരുന്നുവെന്നും റഹ്മാന്‍ പറഞ്ഞുവെന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്.
കന്നുകാലികളുടെ കശാപ്പ് നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തെ റഹ്മാന്‍ സ്വാഗതം ചെയ്യുന്നതായും സന്ദേശത്തിലുണ്ട്.
‘ ഞാന്‍ ബീഫ് കഴിക്കില്ല. പശു ജീവിതത്തിന്റെ വിശുദ്ധ ചിഹ്നമാണ്. പശുക്കളെ കൊല്ലുന്നത് കോടി കണക്കിന് ഹൈന്ദവ സമുദായക്കാരുടെ മനോവികാരത്തെ മുറിപ്പെടുത്തുമെന്നും അതിനാല്‍ നാം അത് അവസാനിപ്പിക്കണം. കന്നുകാലികളുടെ കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു’-റഹ്മാന്‍ ഇങ്ങനെ പറഞ്ഞുവെന്നാണ് സംഘപരിവാര്‍ പ്രചരിപ്പിച്ച സന്ദേശത്തില്‍ പറയുന്നത്.
എന്നാല്‍ ഇത് വ്യാജമാണെന്നാണ് പുതിയ കണ്ടെത്തല്‍.
അഭിമുഖത്തില്‍ എ.ആര്‍ റഹ്മാന്‍ പറഞ്ഞത്
പ്രമുഖ വെബ്‌സൈറ്റായ സ്‌ക്രോളിനു നല്‍കിയ അഭിമുഖമാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ റഹ്മാന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: തന്റെ അമ്മ ഹിന്ദുമത വിശ്വാസിയായിരുന്നു. എപ്പോഴും ആത്മീയ ചായ്‌വുണ്ടായിരുന്നു.
റഹ്മാന്റെ ഈ വാക്കുകള്‍ക്കൊപ്പം മറ്റു വാചകങ്ങള്‍ തിരുകി കയറ്റുകയാണുണ്ടായതെന്ന് ഹൊവാക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.