X
    Categories: MoreViews

ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ നടന്നത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്

ഫയല്‍ ചിത്രം

 

റാഞ്ചി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഡില്‍ കഴിഞ്ഞ മാസം 45കാരനായ മുസ്്‌ലിം വ്യാപാരി അലിമുദ്ദീന്‍ അന്‍സാരിയെ ഗോ രക്ഷാ സേനയുടെ ഗുണ്ടകള്‍ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്.
ജനക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രകോപനമല്ല കൊലക്ക് കാരണമെന്നും രണ്ട് മണിക്കൂറുറുകളോളം അന്‍സാരിയെ ഗോരക്ഷാ സേന അംഗങ്ങള്‍ പിന്തുടര്‍ന്നതായും പൊലീസ് കണ്ടെത്തി. സംഭവ ദിവസം രാവിലെ 7.30ന് ചിത്രപൂര്‍ ചന്തയില്‍ നിന്നും അലിമുദ്ദീന്‍ ഇറച്ചി വാങ്ങിയതായി അക്രമികളിലൊരാളും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനുമായ രാജ്കുമാര്‍ കണ്ടു. ഇത് ബീഫാണെന്ന് ഇയാള്‍ സംശയിച്ചു. തുടര്‍ന്ന് ഇയാള്‍ ഗോ രക്ഷാ സേനയിലെ അഞ്ച് അംഗങ്ങളെ വിവരം അറിയിച്ചതായും രാംഗഡ് ഡി.എസ്.പി വിരേന്ദ്ര ചൗധരി പറഞ്ഞു.
തുടര്‍ന്ന് മാരുതി വാനില്‍ ചന്തയില്‍ നിന്നും വീട്ടിലേക്കു മടങ്ങിയ അന്‍സാരിയെ രാജ്കുമാര്‍ പിന്തുടരുകയായിരുന്നു. 15 കിലോമീറ്ററോളം ഇയാള്‍ അന്‍സാരിയെ പിന്തുടര്‍ന്നു. ഇതിനിടയില്‍ വാഹനം പോകുന്ന വഴി ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ ഇയാള്‍ 10-12 ഗോ രക്ഷാസേന അംഗങ്ങള്‍ക്കു കൂടി കൈമാറി. ഒടുവില്‍ അക്രമികളെല്ലാം ഒരിടത്ത് ഒരുമിച്ച് ചേരുകയും അന്‍സാരിയെ കൈകാര്യം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. രാംകുമാറിന്റെ മൊബൈല്‍ ഫോണ്‍ ട്രാക് ചെയ്താണ് ഈ വിവരങ്ങള്‍ പൊലീസ് കണ്ടെത്തിയത്. ബസാര്‍തണ്ടിലെത്തിയപ്പോള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ രാം കുമാര്‍ അന്‍സാരിയെ വാഹനത്തില്‍ നിന്നും വലിച്ചിറക്കുകയും മാരുതി വാനിന് തീയിട്ട ശേഷം 100 ഓളം വരുന്ന ഗോരക്ഷാ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
7.30 മുതല്‍ 9.30 വരെ രണ്ട് മണിക്കൂര്‍ നേരം അക്രമികള്‍ തുടര്‍ച്ചയായി പരസ്പരം വിവരങ്ങള്‍ കൈമാറിയതായും കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെടുമ്പോള്‍ അന്‍സാരിയുടെ വാഹനത്തില്‍ നാലു ചാക്കുകളിലായി ഇറച്ചിയുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. ഗോ രക്ഷയുടെ പേരില്‍ അതിക്രമം പാടില്ലെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു ബീഫിന്റെ പേരില്‍ അന്‍സാരിയുടെ കൊലപാതകം അരങ്ങേറിയത്.
ജാര്‍ഖണ്ഡില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം തുടര്‍ക്കഥയാവുന്നതിനിടെയാണ് അന്‍സാരിയുടെ വധം. ജൂണ്‍ ആദ്യം വീടിനു മുന്നില്‍ പശുവിന്റെ അവശിഷ്ടം കണ്ടെത്തിയെന്നാരോപിച്ച് മുസ്്‌ലിം ക്ഷീര കര്‍ഷകന്റെ വീടിന് അക്രമികള്‍ തീയിട്ടിരുന്നു.
അന്‍സാരിയെ കൊലപ്പെടുത്തിയ കേസില്‍ 12 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവരില്‍ ചോട്ടു വര്‍മ, സന്തോഷ് സിങ്, ദീപക് മിശ്ര, രാജ് കുമാര്‍, ചോട്ടു റാണ എന്നീ അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡില്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍ നാലു പേരും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് രാംഗഡ് പൊലീസ് സൂപ്രണ്ട് കിശോര്‍ കൗശല്‍ അറിയിച്ചു. ഗോ രക്ഷയുടെ പേരില്‍ അക്രമികള്‍ അഴിഞ്ഞാടുന്നതിനെതിരെ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ നോട്ട് ഇന്‍ മൈ നെയിം എന്ന പേരില്‍ തലസ്ഥനമായ റാഞ്ചിയില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.
വര്‍ഗീയസംഘര്‍ഷം ഒരു മതത്തിന് നേരെ മാത്രമുള്ളതല്ലെന്നും ഇത് സമത്വം, യുക്തി, ജനാധിപത്യം എന്നിവക്കു നേരെയുള്ള സംഘടിത ആക്രമണമാണെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡെരസ് പറഞ്ഞു.

chandrika: